മാർച്ചിലെ പുരുഷ താരം; രണ്ടാം തവണയും ഐസിസി പുരസ്കാരം സ്വന്തമാക്കി ശ്രേയസ്
മൊഹാലി: ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ ബാറ്ററായി മാറുകയാണ് യുവതാരം ശ്രേയസ് അയ്യർ. തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രേയസിനെ തേടി ഇപ്പോൾ ഇതാ ഐസിസിയുടെ ഒരു പുരസ്കാരം കൂടി എത്തിയിരിക്കുകയാണ്. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച താരമെന്ന പുരസ്കാരമാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ശ്രേയസ് ഐസിസിയുടെ പ്ലെയർ ഓഫ് ദി മംത് പുരസ്കാരം നേടുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ശ്രേയസിനെ തേടി രണ്ടാം തവണയും ഐസിസി പുരസ്കാരം എത്തിയത്. പുരുഷ വിഭാഗത്തിൽ ന്യൂസിലൻഡ് താരങ്ങളായ ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവരെ മറികടന്നാണ് ശ്രേയസ് പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം, വനിതാ ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയ ടി20 പരമ്പര തൂത്തുവാരിയിരുന്നു. സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ ജോർജിയ വോൾ ആണ് ഐസിസിയുടെ മാർച്ച് മാസത്തിലെ വനിതാ താരം. സ്വന്തം നാട്ടുകാരിയായ അന്നബെൽ സതർലാൻഡിനെയും അമേരിക്കയുടെ ചേത്‌ന പ്രസാദിനെയും മറികടന്നാണ് ജോർജിയ വോളിന്റെ നേട്ടം.
icc-cricket.com ൽ രജിസ്റ്റർ ചെയ്ത അന്താരാഷ്ട്ര ആരാധകർ, ഐസിസി ഹാൾ ഓഫ് ഫെയിമർമാർ, മുൻ അന്താരാഷ്ട്ര താരങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവരടങ്ങുന്ന സ്പെഷ്യലിസ്റ്റ് പാനൽ എന്നിവർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ശ്രേയസിനെയും ജോർജിയയെയും തിരഞ്ഞെടുത്തത്. ചാമ്പ്യൻസ് ട്രോഫിയുടെ അവസാന മൂന്ന് മത്സരങ്ങളിൽ 57.33 ശരാശരിയിൽ 172 റൺസ് നേടിയ ശ്രേയസ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഫെബ്രുവരിയിൽ ശുഭ്മാൻ ഗില്ലിനായിരുന്നു പുരസ്കാരം. ജോർജിയ വോൾ തുടർച്ചയായി നാലാം
തവണയാണ് സമാനമായ പുരസ്കാരം സ്വന്തമാക്കുന്നത്.
READ MORE: 156.7 കി.മീ വേഗത! കട്ട പേസിൽ പന്തെറിയുന്ന യുവതാരം ലക്നൗ നിരയിൽ തിരിച്ചെത്തും