വിദ്യാര്‍ത്ഥികളില്ല, സൗകര്യങ്ങളുമില്ല; മധ്യപ്രദേശില്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന കോളേജുകളിലെ അവസ്ഥയെന്ത് ?

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉന്നതവിദ്യാഭ്യാസ സ്ഥപനങ്ങളില്‍ പലതിലും നൂറുവിദ്യര്‍ത്ഥികള്‍ പോലും തികച്ചില്ലെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലുടനീളമുള്ള സര്‍ക്കാര്‍ കോളേജുകളുടെ അവസ്ഥ ശോചനീയമാണ് എന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലതിലും വിദ്യാര്‍ത്ഥികളില്ല, സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ അവസ്ഥയിലും കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 12 പുതിയ ഗവണ്‍മെന്‍റ് കോളേജുകളാണ് തുടങ്ങിയത്. അക്കാദമികമായ ആവശ്യത്തിന്‍റെ പുറത്തല്ല ഇതെന്നും രാഷ്ട്രീയ താത്പര്യങ്ങളുടെ പരിണിത ഫലമാണെന്നുമാണ് റിപ്പോര്‍ട്ട്. പല കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.

മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും വെറും 14 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ കോളേജാണ് ഫണ്ട ഗവണ്‍മെന്‍റ് കോളേജ്. സര്‍ക്കാര്‍ കോളേജുകളുടെ ജീര്‍ണിതാവസ്ഥ വിളിച്ചു പറയുന്നതാണ് ആ കെട്ടിടത്തിന്‍റെ അവസ്ഥ. മാത്രമല്ല പലപ്പോഴും വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില രണ്ടക്കം തികയാറുമില്ല. എന്‍ഡിടിവി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ക്ലാസ് മുറിയിലെ തറയില്‍ പിക്കാസും കൈക്കോട്ടും സിമന്‍റ് ചാക്കും വെച്ചിരിക്കുന്നത് കാണാം. ഒരു ഒഴിഞ്ഞ ഷെഡ് എന്നല്ലാതെ അതൊരു ക്ലാസ് മുറിയാണെന്ന് തോന്നിക്കില്ല. സര്‍ക്കാള്‍ രേഖകള്‍ പ്രകാരം കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ വെറും 17 വിദ്യാര്‍ത്ഥികളാണ് ഇവിടെ പ്രവേശനം നേടിയിട്ടുള്ളത്. ഇത്രയും തന്നെ അധ്യാപകരും കോളേജിലുണ്ട്. 17 പേരില്‍ ക്ലാസിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വിരളമാണ്. 

Read More:മക്കൾ കാറിൽ അബോധാവസ്ഥയിൽ, ദുരന്തം അറിയാതെ ബന്ധുവിന്‍റെ കല്ല്യാണം പ്ലാൻ ചെയ്യുന്ന തിരക്കില്‍ അച്ഛനും അമ്മയും

‘കുട്ടികള്‍ കോളേജില്‍ അഡ്മിഷന്‍ എടുക്കുകയോ ക്ലാസിലേക്ക് പോവുകയോ ചെയ്യുന്നില്ല. അവര്‍ പോയിത്തുടങ്ങിയാല്‍ കെട്ടിടത്തിന്‍റെ അവസ്ഥയില്‍ മാറ്റം വരുത്താം’ എന്നാണ് ഈ വിഷയത്തില്‍ മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മ പ്രതികരിച്ചത്. 571 സര്‍ക്കാര്‍ കോളേജുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 119 കോളേജുകളില്‍ 100 വിദ്യാര്‍ത്ഥികള്‍ തികച്ചില്ല. പുതുതായി നിര്‍മ്മിച്ച പല കോളേജുകളിലും 10 ല്‍ താഴെയാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം. മിക്ക കോളേജുകളിലും സ്ഥിരമായി പ്രിന്‍സിപ്പാലിനെ നിയമിച്ചിട്ടുമില്ല എന്ന് എന്‍ഡിടിവ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin