ജസ്‌പ്രീത് ബുമ്ര- കരുണ്‍ നായര്‍ വാക്കുതര്‍ക്കത്തില്‍ ട്വിസ്റ്റ്; ദൃശ്യങ്ങള്‍ പങ്കുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ദില്ലി: ഐപിഎല്‍ പതിനെട്ടാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ജസ്പ്രീത് ബുമ്രയും കരുണ്‍ നായരും തമ്മില്‍ വാക്കേറ്റമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. റണ്ണിനായുള്ള ഓട്ടത്തിനിടെ മുംബൈ സ്റ്റാര്‍ പേസറായ ബുമ്രയെ ഡല്‍ഹിയുടെ കരുണ്‍ കൂട്ടിയിടിച്ചതിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിന് ബുമ്രയോട് കരുണ്‍ ക്ഷമാപണം ഉടനടി നടത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും ശകാരവാക്കുകള്‍ കൊണ്ട് കരുണിനെ നേരിട്ടു. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രശ്നത്തില്‍ ഇടപെടുകയും രമ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഈ നാടകീയ സംഭവങ്ങള്‍ക്കെല്ലാം ഒരു ശുഭപര്യവസാനം ഉണ്ടായിരുന്നു എന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് കരുണ്‍ നായരുടെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ്. 

ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സര ശേഷം ജസ്പ്രീത് ബുമ്രയും കരുണ്‍ നായരും കൂടിക്കാഴ്ച നടത്തി. ഇരുവരും പരസ്‌പരം സംസാരിക്കുകയും ക്ഷമാപണം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഡല്‍ഹി പേസര്‍ മുകേഷ് കുമാര്‍ ഇതിന് സാക്ഷിയായി നില്‍ക്കുന്നതും ക്യാപിറ്റല്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ജേക്ക് ഫ്രേസര്‍-മഗ്‌ഗര്‍ക്കിനെ മീഡിയം പേസര്‍ ദീപക് ചാഹര്‍ പുറത്താക്കിയതോടെ ഇംപാക്ട് സബ്ബായാണ് കരുണ്‍ നായര്‍ കളത്തിലെത്തിയത്. മുംബൈയുടെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്രക്കെതിരെ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലൂടെ കൂറ്റന്‍ സിക്‌സര്‍ കരുണ്‍ നായര്‍ നേടി. പിന്നീട് ഒരു ഫോറും വീണ്ടുമൊരു സിക്‌സും സഹിതം ആ ഓവറില്‍ 18 റണ്‍സ് കരുണ്‍ ആകെ നേടി. അവസാന ബോളില്‍ ഡബിളുമായി 22 പന്തില്‍ അര്‍ധസെഞ്ച്വറി കരുണ്‍ നായര്‍ തികയ്ക്കുകയും ചെയ്തു. 

എന്നാല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ ജസ്‌പ്രീത് ബുമ്രയുമായി കരുണ്‍ നായര്‍ കൂട്ടിയിടിച്ചതോടെ താരങ്ങള്‍ തമ്മില്‍ തര്‍ക്കമായി. ഈ പിഴവിന് കരുണ്‍ ഉടന്‍ ബുമ്രയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ കരുണിന്‍റെ അര്‍ധസെഞ്ച്വറി ആഘോഷത്തിനിടെ വാക്‌പോരുമായി ബുമ്ര അരികിലെത്തി. ബുമ്ര കരുണ്‍ നായര്‍ക്കെതിരെ എന്തൊക്കെയോ രൂക്ഷമായി പറഞ്ഞ് നടന്നകലുന്നത് വീഡിയോകളില്‍ ദൃശ്യമായിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രശ്നത്തില്‍ ഇടപെടുകയും കരുണിനെ തണുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മുംബൈ താരം രോഹിത് ശര്‍മ്മയുടെ റിയാക്ഷനും വൈറലായി. എന്നാല്‍ ഈ നാടകീയ സംഭവങ്ങള്‍ക്ക് ശേഷവും അടിതുടര്‍ന്ന കരുണ്‍ നായര്‍ 40 പന്തുകളില്‍ 89 റണ്‍സ് അടിച്ച ശേഷമാണ് പുറത്തായത്. മത്സരം ഡല്‍ഹി ക്യാപിറ്റല്‍സ് 12 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റെങ്കിലും കരുണ്‍ നായരുടെ ഇന്നിംഗ്സിന് വലിയ കയ്യടി കിട്ടി. 

Read more: ആ സിക്സ് പോയ പോക്കേ! ഏറ്റവും മികച്ച ബൗളറാണെന്ന ബഹുമാനം പോലുമില്ല; ബുമ്രയെ അടിച്ച് തൂഫാനാക്കി കരുണ്‍ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin