കൊച്ചി: അടുത്തിടെ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. ഇപ്പോള്‍ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണം എന്ത് എന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി ഇന്‍സ്റ്റ വീഡിയോയിലൂടെ. ഇന്‍സ്റ്റഗ്രാമില്‍ ഇട്ട വീഡിയോയില്‍ ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്ന് വിന്‍സി പറയുന്നു.
വിന്‍സി വീഡിയോയില്‍ പറഞ്ഞത്
കുറച്ച് ദിവസം മുന്‍പ് ഞാന്‍ ഒരു ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടെ ഞാന്‍ ഒരു പ്രസ്താവന നടത്തി. എന്‍റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ല എന്നതാണ്. അത് പല മീഡിയകളും ഷെയര്‍ ചെയ്തിരുന്നു. അതിന്‍റെ കമന്‍റ് സെക്ഷന്‍ വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കണം എന്ന് തോന്നി.
എന്തുകൊണ്ട് ഈ കാര്യം ഞാന്‍ പറഞ്ഞു. എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തി എന്നത് വ്യക്തമാക്കാനാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. കമന്‍റ് വായിച്ചപ്പോഴാണ് ആളുകള്‍ക്ക് പല കാഴ്ചപ്പാടാണ് വരുന്നത് എന്ന് മനസിലായത്. വ്യക്തമായി അതിന്‍റെ കാരണം അറിഞ്ഞാല്‍ പിന്നെ ആളുകള്‍ക്ക് പല കാരണം ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ.
ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയിലെ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാള്‍ നല്ല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാന്‍ പോകുമ്പോള്‍ കൂടെ വരണോ എന്ന രീതിയില്‍ ചോദിക്കുമായിരുന്നു. ഒരു സീന്‍ ചെയ്തപ്പോള്‍ വെള്ള പൌഡര്‍ മേശയിലേക്ക് തുപ്പി.
സിനിമ സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണല്‍ ലൈഫില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാല്‍ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്.
ആ സെറ്റില്‍ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം, സംവിധായകന്‍ ആ നടനോട് സംസാരിച്ചിരുന്നു.അയാള്‍ പ്രധാന നടന്‍ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലം തീര്‍ക്കാന്‍ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയില്‍ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്.
കമന്‍റ് ബോക്സില്‍ എന്നെ പിന്തുണച്ചവരോട് നന്ദിയുണ്ട്. എന്നാല്‍ സിനിമയില്‍ അവസരം കിട്ടാത്തത് കൊണ്ടല്ലെ ഇത് പറയുന്നത് നിനക്ക് സിനിമ ഇല്ലല്ലോ എന്നൊക്കെ പറയുന്നവരോട് ഒന്നെ പറയാനുള്ളൂ. എനിക്ക് സിനിമ ഇല്ലെങ്കില്‍ ഇല്ലെന്ന് ഞാന്‍ പറയും. മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അഭിനയവും സിനിമയും ഇഷ്ടമാണ് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് സിനിമ.
സൂപ്പര്‍താരം ആണെങ്കിലും സാധാരണക്കാരനായാലും ഒരു നിലപാട് എടുത്താന്‍ അത് നിലപാട് തന്നെയാണ് ആ ബോധം കമന്‍റ് ചെയ്യുന്നവര്‍ക്ക് വേണം. എനിക്കെതിരെ ഇത്തരം കമന്‍റ് ഇടുമ്പോള്‍ നിങ്ങള്‍ പരോക്ഷമായി ലഹരി ഉപയോഗത്തെ പിന്തുണയ്ക്കുകയാണ്. ഇവര്‍ക്ക് ഇപ്പോഴും സിനിമയും ഉണ്ട്. അവരെ വച്ച് സിനിമ ചെയ്യാന്‍ ആള്‍ക്കാരുമുണ്ട്.ഇവര്‍ക്ക് ഇതെല്ലാം വിനോദമാണ്.എന്‍റെ ജീവിതത്തില്‍ മനസിനെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു ലഹരിയും ഉണ്ടാകില്ല അത് ഉറപ്പിച്ചതാണ് വിന്‍സി പറയുന്നു.
‘ജീവിതം വഴിമുട്ടിയ സാഹചര്യം, അനുജത്തിക്ക് വേണ്ടി ഡിഗ്രിക്ക് ചേർന്നില്ല’; മനസുതുറന്ന് മൃദുല വിജയ്
‘പലയിടത്തും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കട്ടെ’: അനൂപ് ജോൺ