മക്കൾ കാറിൽ അബോധാവസ്ഥയിൽ, ദുരന്തം അറിയാതെ ബന്ധുവിന്‍റെ കല്ല്യാണം പ്ലാൻ ചെയ്യുന്ന തിരക്കില്‍ അച്ഛനും അമ്മയും
ഹൈദരാബാദ്: കാറിനകത്ത് അകപ്പെട്ട നാലും അഞ്ചും വയസുള്ള സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയിലാണ് രണ്ടുപെണ്‍കുട്ടികള്‍ പിതാവിന്‍റെ കാറില്‍ മരിച്ചത്. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കിടക്കുന്ന കുഞ്ഞുങ്ങളേയാണ്. പെട്ടന്ന് തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ രണ്ടു കുട്ടികളുടേയും മരണം സ്ഥിരീകരിച്ചു.