ഗർഭിണിയായ ഭാര്യയുമായി വഴക്ക് രൂക്ഷമായപ്പോൾ കഴുത്ത് ഞെരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

വിശാഖപട്ടണം: എട്ട് മാസം ഗർഭിണിയായ യുവതിയെ ഭ‍ർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. വീട്ടിൽ വെച്ചുള്ള വഴക്കിനിടെയായിരുന്നു യുവാവ് കഴുത്ത് ഞെരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

27കാരിയായ അനുഷയാണ് മരിച്ചത്. ഭ‍ർത്താവ് ഗ്യാനേശ്വറുമായി ഇന്ന് രാവിലെ വഴക്കുണ്ടായി. തർക്കം നീണ്ടപ്പോൾ ഗ്വാന്യേശ്വർ അനുഷയുടെ കഴുത്ത് ഞെരിച്ചു. ഇതോടെ യുവതി ബോധരഹിതയായി വീണു. ഗ്യാനേശ്വർ തന്നെ അനുഷയെ ആശുപത്രിയിൽ എത്തിച്ചെന്ന് പൊലീസ് പറയുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാൾ പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങി.

വിശാഖപട്ടണത്തെ ഉഡ കോളനിയിലാണ് സംഭവം. സാരംഗ് നഗർ വ്യൂ പോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുകയാണ് ഗ്യാനേശ്വർ. മൂന്ന് വർഷം മുമ്പാണ് ഗ്യാനേശ്വറും അനുഷയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ പിന്നീട് പല കാര്യങ്ങളിലും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതിന്റെ പേരിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin