പൃഥ്വി ഷാ അല്ല! റുതുരാജിന് പകരക്കാരനായി വരുന്നത് മുംബൈയുടെ 17കാരന്‍

ചെന്നൈ: പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിക്കുക പതിനേഴ് വയസ്സുള്ള താരത്തെ. മുംബൈയുടെ ആയുഷ് മാത്രെയെ സി എസ് കെ ടീമില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈമാസം 20ന് മുന്‍പ് മാത്രെ ചെന്നൈ ടീമിനൊപ്പം ചേരും. പതിനേഴുകാരനായ മാത്രെ ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയടക്കം 504 റണ്‍സെടുത്തിട്ടുണ്ട്. നേരത്തേ, ഐപിഎല്‍ താരലേലത്തില്‍ ആരും വിളിക്കാതിരുന്ന പൃഥ്വി ഷായെ സി എസ് കെ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഐപിഎല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ പേരുണ്ടായിരുന്ന ക്രിക്കറ്ററാണ് ആയുഷ് മാത്രെ. എന്നാല്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആയുഷിനെ ടീമുകളാരും അന്ന് സ്വന്തമാക്കിയില്ല. പൃഥ്വി ഷായ്ക്കും ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിനും കേരളത്തിന്റെ സല്‍മാന്‍ നിസാറിനുമൊപ്പം ചെന്നൈയില്‍ ട്രെയല്‍സിന് ആയുഷ് എത്തിയിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് താരത്തെ റുതുരാജിന്റെ പകരക്കാരനാക്കാന്‍ സിഎസ്‌കെ തീരുമാനിച്ചത്. 

മുംബൈയില്‍ അറിയപ്പെടുന്ന കൗമാര താരമായ മാത്രെ ഇതിനകം 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും സഹിതം 504 റണ്‍സ് നേടിയിട്ടുണ്ട്. 2024 ഒക്ടോബറിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ലിസ്റ്റ് എ കരിയറില്‍ രണ്ട് ശതകങ്ങളോടെ 458 റണ്‍സും ആയുഷ് മഹാത്രേയ്ക്ക് സ്വന്തം. 

റുതുരാജ് ഗെയ്ക്വാദ് കൈമുട്ടിന് പരിക്കേറ്റ് ഐപിഎല്‍ പതിനെട്ടാം സീസണിന് മധ്യേ പുറത്താവുകയായിരുന്നു. ഈ സീസണില്‍ ഇതുവരെ കൃത്യമായ ടീം കോംബിനേഷന്‍ കണ്ടെത്താന്‍ കഴിയാത്ത ചെന്നൈ ടീം ഏറെ പ്രതീക്ഷയോടെയാണ് കൗമാരക്കാരനായ ആയുഷ് മാത്രെയെ ടീമിലെത്തിച്ചിരിക്കുന്നത്. 

By admin