യമുനാനഗര്‍: കോണ്‍ഗ്രസിന്‍റെ ഭരണകാലം മറന്നുപോകരുതെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ യമുനാനഗറില്‍ വൈദ്യുതി നിലയത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ന് മുമ്പ് രാജ്യത്ത് വൈദ്യുതി മുടങ്ങുന്നത് ഒരു സാധാരണ സംഭവമായിരുന്നു. കോണ്‍ഗ്രസ് ആയിരുന്നു ഇന്നും ഇന്ത്യ ഭരിക്കുന്നതെങ്കില്‍ വൈദ്യുതി മുടങ്ങുന്നത് ഒരു സാധാരണ സംഭവമായി തുടരുന്നുണ്ടാവും എന്നും പ്രധാനമന്ത്രി പറഞ്ഞു.
‘2014 നു മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലം നമ്മള്‍ മറക്കരുത്. രാജ്യം മുഴുവന്‍ വൈദ്യുതി മുടങ്ങിയത് നമ്മള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസാണ് ഇന്നും ഭരിക്കുന്നതെങ്കില്‍ അതുതന്നെ തുടരുമായിരുന്നു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ വൈദ്യുതിയുടെ പ്രാധാന്യം വലുതാണ്. അതുകൊണ്ട് തന്നെ വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാ ദിശയിലുമുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്തെ വൈദ്യുതി ഉത്പാദിപ്പാദനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം’ എന്ന് മോദി പറഞ്ഞു.
ബാബാ സാഹേബ് അംബേദ്കറിന്‍റെ 135-ാം ജന്മവാര്‍ഷികത്തില്‍ മോദി എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. ”ഇന്ന് ബാബാ സാഹേബ് അംബേദ്കറിന്‍റെ 135-ാം ജന്മവാര്‍ഷികം കൂടിയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അംബേദ്കര്‍ ജയന്തി ആശംസിക്കുന്നു. ബാബാ സാഹേബിന്‍റെ ദര്‍ശനങ്ങള്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മുതല്‍ക്കൂട്ടാണ്. നമ്മുടെ സര്‍ക്കാര്‍ ബാബാ സാഹേബിന്‍റെ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ജനസംഘത്തിന്‍റെ സ്ഥാപകനും വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയുമായി അംബേദ്കര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനം ആഗ്രഹിച്ചിരുന്നു. യമുനാനഗര്‍ വെറും ഒരു സിറ്റിയല്ല. ഇന്ത്യയുടെ വ്യവസായ ഭൂപടത്തിലെ പ്രധാനപ്പെട്ട ഇടം കൂടിയാണ്. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ഈ നഗരം വലിയ പങ്കുവഹിക്കുന്നുണ്ട്. വികസിത ഇന്ത്യക്കായി വികസിത ഹരിയാന എന്നതാണ് നമ്മുടെ മുദ്രാവാക്യം. ഹരിയാനയിലെ സര്‍ക്കാര്‍ വികസനത്തിന്‍റെ കാര്യത്തില്‍ ഇരട്ടി വേഗതയിലാണ് മുന്നേറുന്നത്’ എന്നും മോദി പറഞ്ഞു.
ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി ഹിസാര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന് തറക്കല്ലിടുകയും ഹിസാറില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ വാണിജ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനൽ കെട്ടിടം 410 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയും ചെയ്യും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
‘ബാബാ സാഹേബ് അംബേദ്കർ സമത്വം കൊണ്ടുവരാൻ ആഗ്രഹിച്ചു, പക്ഷേ കോൺഗ്രസ് രാജ്യത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന വൈറസ് പ്രചരിപ്പിച്ചു. എല്ലാ ദരിദ്രരും അന്തസ്സോടെ, തല ഉയർത്തിപ്പിടിച്ച് ജീവിക്കണമെന്നും, സ്വപ്നം കാണണമെന്നും, അവ സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ കോൺഗ്രസ് പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി. വിഭാഗങ്ങളെ രണ്ടാന്തരം പൗരന്മാരാക്കി’ എന്ന് ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.