ചിക്കുന്‍ഗുനിയ; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കുന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്.
ആർബോ വിഭാഗത്തിൽപ്പെടുന്ന വൈറസുകളാണ് ചിക്കുന്‍ഗുനിയ്ക്ക് കാരണം. ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗാണുവാഹകർ. രോഗാണുക്കളുള്ള കൊതുക് കടിച്ച് 2–12 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. മിക്കവരിലും 7 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.
കഠിനമായ പനി, തലവേദന, പേശി വേദന, സന്ധി വീക്കം എന്നിവയാണ് രോഗത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അതുപോലെ കണ്ണിന് ചുവപ്പ് നിറം വരുക, പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ∙ശരീരത്തിൽ ചുവന്ന പാടുകൾ കാണപ്പെടുക, കുരുക്കൾ ഉണ്ടാവുക, ഛർദ്ദി, ക്ഷീണം അനുഭവപ്പെടുക എന്നിവയും ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങളാണ്.
ചിക്കുൻഗുനിയ തടയാനുള്ള ഏറ്റവും നല്ല മാർഗം കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ്. കൊതുകിനെ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വീടിന് ചുറ്റും വെള്ളക്കെട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
2. ഓടകൾ വൃത്തിയാക്കിയിടുക
3. വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
4. വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
5. വെള്ളത്തിൽ ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിൽ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കുക. ചെടിച്ചട്ടികൾക്കിടയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക.
6. വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടുക.
7. കിടക്കുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക.
Also read: ആസ്ത്മ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍