മുർഷിദാബാദ് സംഘർഷം: ഹിന്ദുക്കൾ പലായനം ചെയ്യുന്നുവെന്ന ആരോപണവുമായി ബിജെപി 

കൊൽക്കത്ത: വഖഫ് നിയമഭേദ​ഗതിയെ തുടർന്ന് ബം​ഗാളിൽ പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ മുർഷിദാബാദിലെ ദുലിയയിൽ നിന്ന് 400 ഹിന്ദുക്കൾ പാലായനം ചെയ്തെന്ന് ബിജെപി ആരോപണം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് സമൂഹ മാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. മാൾഡയിലെ സ്കൂളിൽ ഇവർ അഭയം തേടിയെന്നും അധികാരി ഉന്നയിച്ചു. മതത്തിന്റെ പേരിലുള്ള പീഡനം ബംഗാളിൽ യഥാർത്ഥ്യമെന്നും സുവേന്ദു അധികാരി ആരോപിച്ചു. 

വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായ മുർഷിദാബാദിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കാൻ കേന്ദ്രം നടപടി തുടങ്ങി. മുർഷിദാബാദിലേക്ക് കൂടുതൽ സേനയെ അയക്കാൻ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടർ സാഹചര്യം നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.

സംഘർഷത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. 

 

By admin

You missed