ഐപിഎല്ലില്‍ സഞ്ജു സാംസണ്‍- വിരാട് കോലി പോരാട്ടം; ടോസ് ജയിച്ച് ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സില്‍ മാറ്റം
ജയ്‌പൂര്‍: ഐപിഎല്‍ പതിനെട്ടാം സീസണില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ടില്‍ കളത്തിലേക്ക്. വിരാട് കോലി അടക്കമുള്ള സൂപ്പര്‍ താരങ്ങളുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിദാര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തി. അതേസമയം രാജസ്ഥാന്‍ റോയല്‍സില്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി.
പ്ലേയിംഗ് ഇലവനുകള്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്‌പാണ്ഡെ.
ആര്‍സിബി: ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, യാഷ് ദയാല്‍.
ഐപിഎല്‍ 2025ല്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമാണിന്ന്. ഇതിന് മുമ്പ് റോയല്‍സിന്‍റെ ഹോം മത്സരങ്ങളെല്ലാം ഗുവാഹത്തിലായിരുന്നു. വലിയ ബൗണ്ടറികളാണെങ്കിലും ജയ്‌പൂരില്‍ മികച്ച സ്കോര്‍ പിറന്നേക്കാം എന്നാണ് പിച്ച് റിപ്പോര്‍ട്ട്. സഞ്ജു സാംസൺ- യശസ്വി ജയ്സ്വാൾ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകുന്ന തുടക്കം രാജസ്ഥാന്‍ റോയല്‍സിന് മത്സരത്തില്‍ ഏറെ നിർണായകമാകും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും വിരാട് കോലി, ഫിൽ സാൾട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിനെ അമിതമായി ആശ്രയിക്കുന്നുണ്ട്. പവർപ്ലേയിൽ സാൾട്ടിന്‍റെ ആക്രമണ ഷോട്ടുകളാവും റൺനിരക്ക് നിശ്ചയിക്കുക. സഞ്ജു സാംസണ്‍- വിരാട് കോലി പോരാട്ടം എന്ന നിലയ്ക്കാണ് ഇന്നത്തെ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്.