ഒടുവില്‍ മടക്കയാത്ര, കൈയില്‍ വറുത്ത അയിനിക്കുരു, പുളിങ്കുരു, പുളി, മാങ്ങ…

ചന്തയിലെ പ്രധാന റോഡും ആശുപത്രിയും പിന്നിട്ട് നടന്നാല്‍ അറവു മാലിന്യങ്ങളാല്‍ ദുര്‍ഗന്ധം വമിക്കുന്നൊരു തോട്ടുവക്കിലെത്തും. ഗന്ധം സഹിക്കവയ്യാതെ നടത്തത്തിന് വേഗത കൂട്ടുമ്പോള്‍ തോട് കഴിഞ്ഞ്, ആളൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന വലിയ മണ്‍തിട്ട ഓടിക്കയറും. അതിനിടയില്‍ തോട്ടുവക്കില്‍ കണ്ണുമിഴിച്ച് കിടക്കുന്ന പനങ്കുരുക്കള്‍ പെറുക്കാന്‍ ശ്രമം നടത്തും. ‘അയ്യേ, കുറുക്കന്‍ വിഴുങ്ങി അപ്പിയിട്ടതാ..’ എന്ന ഉമ്മയുടെ ശകാരത്തെ തിരസ്‌കരിച്ചും ചിലതൊക്കെ പോക്കറ്റില്‍ ഇടം പിടിക്കും. മാറഞ്ചേരി ചന്തയില്‍ നിന്ന് ഏകദേശം രണ്ടു ഫര്‍ലോംഗ് ദൂരമുണ്ട് ഉമ്മ വീട്ടിലേക്ക്. ഇനിയുള്ള യാത്രയില്‍ ഉടനീളം പനങ്കുരുക്കള്‍ ട്രൗസറിന്റെ പോക്കറ്റില്‍ കിടന്നു താളം പിടിക്കും.

‘കുറേ ആയല്ലോ ഇതുവഴിയൊക്കെ കണ്ടിട്ട്…’പോകുന്ന വഴിയില്‍ പലരുടെയും കുശലാന്വേഷണം.

‘വീട്ടില്‍ വല്ല്യാത്ത ഒറ്റക്കല്ലേ.. പുറത്തൊന്നും അധികം പോകാറില്ല.. ഇതിപ്പോ സ്‌കൂള്‍ പൂട്ടല്ലേ, ഇവരെ രണ്ടിനെയും ഉമ്മാടെ അവിടെ നിര്‍ത്തി കൊടുക്കാന്ന് വിചാരിച്ചു..’ ഉമ്മ ഇതേ മറുപടി തന്നെ പലരോടായി ആവര്‍ത്തിച്ചു.

അയല്‍പക്കങ്ങളിലെ കുട്ടികളെല്ലാം അവധിക്കാലത്ത് അവരവരുടെ അമ്മ വീടുകളിലേക്ക് യാത്ര പോകുമ്പോള്‍ ഞങ്ങള്‍ക്കത് വിരളമായിരുന്നു. വല്യാത്തയെ-അംഗ പരിമിതയായ അച്ഛന്‍ പെങ്ങളെ- തനിച്ചാക്കിയുള്ള യാത്ര പ്രയാസമായിരുന്നു. അടിയന്തിര ഘട്ടത്തില്‍ അടുത്ത വീട്ടിലെ ആരെയെങ്കിലും അല്ലെങ്കില്‍ മറ്റു ബന്ധുക്കളെ വീട്ടില്‍ തുണയ്ക്ക് നിര്‍ത്തിയായിരുന്നു യാത്ര. ‘എല്ലാവര്‍ക്കും ഉമ്മാടെ വീടുണ്ട്, ഞങ്ങള്‍ക്കെന്താ ഉമ്മാടെ വീടില്ലേ?’ എന്ന അനിയന്റെ നിരന്തര ശാഠ്യത്തിന് വഴങ്ങിയാണ് ഇന്നത്തെ ഈ യാത്ര!

തോടും പറമ്പും മുളങ്കാടും പിന്നിട്ട് മന്നിങ്ങയില്‍ പാടത്തിന് അരികിലേക്ക് നടന്നെത്തി. സമീപവാസിയായ അച്ചുണ്ണിയേട്ടന്‍ മുറുക്കി ചുവപ്പിച്ചു നില്‍പ്പുണ്ട്. ഷര്‍ട്ടിടാത്ത അയാളുടെ നെഞ്ചിലെ നരച്ച രോമങ്ങള്‍ സൂര്യ പ്രകാശത്തില്‍ വെഞ്ചാമരം പോലെ തിളങ്ങി. 

രണ്ടുമൂന്നു കവുങ്ങുകള്‍ ചേര്‍ത്ത് തീര്‍ത്ത ചെറിയ നടപ്പാലം. താഴെ വേനല്‍ മഴ തീര്‍ത്ത നേര്‍ത്ത വെള്ളച്ചാല്‍. സാഹസികമായ നടത്തത്തിലും കണ്ണുകള്‍ വെള്ളച്ചാലില്‍ മീന്‍ കുഞ്ഞുങ്ങളെ തിരഞ്ഞു. ‘നേരെ നോക്കി നടക്ക്..’ പിന്നില്‍ നിന്ന് ഉമ്മയുടെ ആജ്ഞ വന്നു.

വഴിയരികിലെ ഇലകളെ തലോടിയും പൊഴിഞ്ഞു വീണ കായ് കനികളെ പെറുക്കിയും പരസ്പരം മിണ്ടിപ്പറഞ്ഞ് തുടര്‍ന്ന നടത്തം മൂകമായത് കോടഞ്ചേരി പള്ളിക്കാടിന് അടുത്തെത്തിയപ്പോഴാണ്. ശാന്തമായുറങ്ങുന്ന ആത്മാക്കള്‍ക്ക് തണലൊരുക്കി ഇടതൂര്‍ന്നു നില്‍ക്കുന്ന വിവിധ വള്ളിച്ചെടികള്‍. ചുവപ്പും മഞ്ഞയും ഇലകളുള്ളവ ഏറെ. മാവും അയിനി ചക്കയും ഞാവലുമൊക്കെ കായ്ച്ചു നില്‍ക്കുന്നു. ചിലതൊക്കെ പള്ളിപ്പറമ്പിന് പുറത്തേക്ക് ശിഖരങ്ങള്‍ നീട്ടി നില്‍ക്കുന്നു. അവയില്‍ നിന്ന് വീണു കിടന്നവ മോഹിപ്പിച്ചെങ്കിലും പെറുക്കാന്‍ മനസ്സ് വിസമ്മതിച്ചു. മണ്ണിലലിഞ്ഞ കിനാക്കളെ വളമാക്കിയത് കൊണ്ടാവും അവയിങ്ങനെ തഴച്ചു വളര്‍ന്നതും ഭ്രാന്തമായി പൂത്തു കായ്ച്ചതും. എത്രയൊക്കെ മോഹങ്ങളേകിയാലും മനസ്സിന് പിടിച്ചത് മാത്രമാണല്ലോ നമ്മള്‍ രുചിക്കുക.

പള്ളിക്കാട് പിന്നിട്ടപ്പോള്‍ കൈകള്‍ക്കും പുതുജീവന്‍ വെച്ചു. ലക്ഷ്യ സ്ഥാനം അടുത്തെത്തിയെന്ന തോന്നലുണ്ടാവുമ്പോള്‍ നടത്തത്തിന് വേഗതയേറും. അമ്മവീടിന്റെ മുമ്പിലായി കൈതകള്‍ കാവല്‍ നില്‍ക്കുന്ന ഒരു കുളവും തണല്‍ വിരിച്ച വലിയൊരു പുളിമരവും. പൊഴിഞ്ഞു വീണ പുളിയിലകള്‍ പരവതാനി പോലെ ഞങ്ങള്‍ക്ക് സ്വാഗതമോതി. താഴെ ചില്ലകളില്‍ ചെമ്പു നിറമാര്‍ന്ന ആവരമണിഞ്ഞ് തോരണം പോലെ ഞാന്നു കിടന്നു പുളികള്‍. അപ്പുറത്തെ വീട്ടില്‍ ആളുണ്ട്. ‘ഇനിയും സമയമുണ്ടല്ലോ’ എന്ന് മനസ്സിലോതി കൊതിയെ ഉള്ളിലൊതുക്കി.

‘നീന്തല്‍ അറിയാത്തതാണ് കുളത്തില്‍ ഇറങ്ങുമ്പോ ശ്രദ്ധിക്കണേ..’ എന്ന് സഹോദരിമാരോടും ‘കുരുത്തക്കേടൊന്നും കാണിക്കല്ലേട്ടാ’ എന്ന് ഞങ്ങളോടും ശട്ടം കെട്ടിയാണ് ഉമ്മ മടങ്ങിയത്.  

‘മെടച്ചില്‍ കഴിഞ്ഞാ കുറച്ച് ഓല എനിക്കും വേണം ട്ടാ.. അവിടത്തെ ഓല തികയില്ല..’ തേങ്ങേറ്റം കഴിഞ്ഞു മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന ഓലനോക്കി പോകും വഴി ഉമ്മ വല്യമ്മയോട് പറയുന്നത് കേട്ടു.

ഇരുട്ട് പടര്‍ന്നപ്പോള്‍ കൂട്ടിയിട്ടിരിക്കുന്ന തേങ്ങോലകള്‍ മുട്ടുമടക്കിയിരിക്കുന്ന ആനകളെ പോലെ തോന്നിച്ചു. സന്ധ്യ കൂരിരുട്ടിന് വഴിമാറിയ നേരം ഓലമെടയാന്‍ ആളുകളെത്തി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ നേര്‍ത്ത നിലാവിന്റെ മേല്‍ക്കൂരയ്ക്ക് താഴെ ഓലകള്‍ നെടു പിളര്‍ക്കപ്പെട്ടു. ആനപ്പുറത്ത് നിന്ന് ആനപ്പുറത്തേക്ക് ഞങ്ങള്‍ ചാടിക്കളിച്ചു. ഇടയ്ക്ക് മെടഞ്ഞു അരികിലേക്ക് നീക്കിയിട്ടവ ദൂരേക്ക് മാറ്റി വെക്കാന്‍ സഹായിച്ചു. അമ്മായിമാരുടെ മക്കളും കൂട്ടിനുണ്ട്. മെടച്ചില്‍ കഴിഞ്ഞുള്ള കുളത്തിലെ നീരാട്ടിനായി അക്ഷമയോടെ കാത്തുനിന്നു.

കുളക്കടവില്‍ മണ്ണെണ്ണ വിളക്കുകള്‍ നിരന്നിരുന്നു. അധികം ആഴമില്ലാത്ത ഇടത്ത് ചാടിയും മുങ്ങി നിവര്‍ന്നും നീരാട്ട്. നീന്തി അപ്പുറം പോയി തിരിച്ചു വരുന്ന പെണ്ണുങ്ങളെ അസൂയയോടെ നോക്കി ചന്ദ്രന്‍. അവരുടെ കൈകളുകളുടെ ചലനത്തില്‍ ചന്ദ്രന്‍ മുഖം നോക്കിയ കണ്ണാടി പലവട്ടം ചിന്നിച്ചിതറി.

കുഞ്ഞിക്കോഴിയുടെ പിറകെ വല്യമ്മ പാഞ്ഞിരുന്നതിന്റെ രഹസ്യം മനസ്സിലായത് അത്താഴത്തിനു പലകയില്‍ അമര്‍ന്നിരുന്നപ്പോഴാണ്. ഉമ്മറത്ത് വിരിച്ച പായയില്‍ നിരന്നു കിടക്കുമ്പോള്‍ എല്ലാവരുടെ കൈകളിലും വറുത്തരച്ച കോഴിയുടെ വശ്യ ഗന്ധം മായാതെ നിന്നു. കുഞ്ഞുമ്മമാരുടെ കഥ പറച്ചില്‍ കേട്ട് രാവ് പുലരിയെ കാത്തു കിടന്നു, ഞങ്ങള്‍ ഉറക്കത്തെയും. കട്ടിലില്‍ കിടന്നുറങ്ങുന്ന മുത്തച്ഛന്റെ ഇടയ്ക്കിടെയുള്ള ചുമയില്‍ കഥ പറച്ചിലിന്റെയും ഞങ്ങളുടെ മറുചോദ്യ ങ്ങളുടെയും ശബ്ദം താഴ്ന്നു. 

കഥയും കുളിയും പലത് കഴിഞ്ഞപ്പോള്‍ മുറ്റത്തെ ഓലക്കൂനയില്‍ പലതും മെലിഞ്ഞു. ചാടിക്കളിയുടെ ഊര്‍ജ്ജം നഷ്ടപ്പെട്ട് തുടങ്ങി. കളി തമാശകള്‍ക്കും വിത്യസ്ത രുചികളുടെ ആനന്ദങ്ങള്‍ക്കുമിടയില്‍ ഉമ്മയുടെ അസാന്നിദ്ധ്യം ഇടയ്ക്കിടെ ഉള്ളില്‍ കൊളുത്തി വലിച്ചു. തിരിച്ചു പോക്കിനായി ഉള്ളം തുടിച്ചു തുടങ്ങി.

വല്ല്യപ്പയുടെ പെട്ടിക്കടയിലെ മധുരങ്ങളും വല്ല്യമ്മ തന്ന നാണയങ്ങളും കുഞ്ഞമ്മമാരുടെ സമ്മാനങ്ങളും വറുത്ത അയിനിക്കുരു, പുളിങ്കുരു, പുളി, മാങ്ങ തുടങ്ങിയ വിശിഷ്ട വിഭവങ്ങളുമൊക്കെയായി രസകരമായ അച്ചടക്കങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ ഇല്ലാത്ത ഉല്ലാസങ്ങളുടെ ദിവസങ്ങള്‍ക്കു വിരാമമിട്ട് മടക്കയാത്ര. 

പ്രായം അന്നത്തേതില്‍ നിന്ന് പലമടങ്ങ് കൂടിയെങ്കിലും ഏത് ഉല്ലാസവും ആനന്ദവും നയന മനോഹര കാഴ്ച്ചകളും അത്യാധുനിക സൗകര്യങ്ങളും സ്വാതന്ത്ര്യവും കുറച്ചു കഴിഞ്ഞാല്‍ മടുത്തു തുടങ്ങും. എത്രയൊക്കെ അസൗകര്യങ്ങളും പരാധീനതകളും ഉണ്ടെന്നാലും സ്വന്തമിടം മാടി വിളിക്കും. ആ തിരിച്ചു പോക്കും മറ്റൊരു മനോഹര യാത്രയായിടും. ജീവിതവും അങ്ങനെയൊരു അവധിക്കാല യാത്രയാണല്ലോ. രുചിച്ചും കണ്ടും കേട്ടും നുകര്‍ന്നും മടങ്ങേണ്ടവര്‍ നമ്മള്‍. കീശയിലെ പനങ്കുരു പോലെ എല്ലാം ഉപേക്ഷിച്ച്…

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

By admin