ഓശാന ചടങ്ങുകള്‍ക്കിടെ കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ഗോവിന്ദന്‍
കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ വര്‍ഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ദേവമാതാ കത്തീഡ്രലില്‍ ഓശാന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പും എം.വി. ഗോവിന്ദനും സൗഹൃദം പങ്കുവെച്ച് പിരിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പിനെ ആര്‍ച്ച് ബിഷപ്പായും വത്തിക്കാനില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.
മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറിയിരുന്നു. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.
തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.