കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോക്ടർ വി .കമലം (86) അന്തരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി, കോഴിക്കോട് പി വി എസ് ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി എന്നവിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. അഞ്ച് പതിറ്റാണ്ടോളം കോഴിക്കോട്ടെ ആതുര ശുശ്രൂഷ രംഗത്ത് സജീവമായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഏപ്രിൽ 14 ന് കോഴിക്കോട് നടക്കും.

കോഴിക്കോട് ജനറൽ ആശുപത്രിയിൽ 1966 ലാണ് ഡോക്ടർ കമലം തൻ്റെ കരിയർ തുടങ്ങിയത്. പിന്നീട് പിവിഎസ് ആശുപത്രി കോഴിക്കോട് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ കമലം ഇവിടെ ഗൈനക്കോളജി വിഭാഗത്തിൽ ചേർന്നു. ഇതിന് ശേഷം ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറി. കോഴിക്കോട് ചാലപ്പുറത്തെ ആരതി എന്ന സ്വന്തം വീട്ടിൽ കമലത്തിൻ്റെ മൃതദേഹം സൂക്ഷിക്കും. ഇവിടെ പൊതുദർശനത്തിന് സൗകര്യമൊരുക്കും. എൽഐസിയിൽ നിന്നും വിരമിച്ച വി.വിനോദ് കുമാർ, അനിൽ കുമാർ (സിങ്കപ്പൂർ) എന്നിവർ മക്കളാണ്. 

By admin