ഓല മടല് കൊണ്ട് കാല് കുത്തി, ഓലക്കഷ്ണം കൊണ്ടോ പഴയ സാരി കൊണ്ടോ മറച്ച കുറ്റിപ്പുരകള്‍!
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
അവധി കഴിഞ്ഞ് ക്ലാസ്സില്‍ വരുമ്പോള്‍ സാധാരണയായി ടീച്ചര്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്, വെക്കേഷന് എങ്ങനെയുണ്ടായി? എങ്ങോട്ടൊക്കെ പോയി?
കാര്യമായൊന്നും ഓര്‍മ്മയില്ലാത്ത അവധിക്കാലങ്ങളാണ് ഓര്മ്മയിലേറെയും. അന്നൊക്കെ അവധിക്ക് അമ്മയുടെ വീട്ടില്‍ പോവാറാണ് പതിവ്. പലരും പലയിടത്തും പോയ കഥകള്‍ പറയുമ്പോള്‍ കൗതുകത്തോടെ കേട്ട് നിന്നിട്ടുണ്ട്.
വലിയ ക്ലാസില്‍ എത്തിയപ്പോള്‍ അനുഭവം പേപ്പറില്‍ പകര്ത്തണമെന്നായി. ചിലപ്പോള്‍ അമ്മയുടെ വീട്ടില്‍ പോയി എന്ന് സത്യസന്ധമായി എഴുതും. ചിലപ്പോള്‍ പോയിട്ടില്ലാത്ത സ്ഥലങ്ങളില്‍ പോയി എന്നും എഴുതിയിട്ടുണ്ട്.
തറവാട്ടില്‍ ചേച്ചിയും അനിയത്തിമാരും ഉണ്ടാവും. അവരോട് ഒപ്പമാവും കൂടുതലും. വലിയ ഓര്‍മ്മകള്‍ ഇല്ലെങ്കിലും അന്ന് അതായിരുന്നു എന്റെ ലോകം. വീടിന്റെ പുറകില്‍ കുറ്റിപ്പുര ഉണ്ടാക്കും. ഓല മടല് കൊണ്ട് കാല് കുത്തി ഓലക്കഷ്ണം കൊണ്ടോ അമ്മയുടെയോ മേമമാരുടെയോ പഴയ സാരി കൊണ്ട് മറച്ചോ കുറ്റിപ്പുര ഭംഗിയാക്കും.
പിന്നെ അതിന്റെ ഉള്ളിലാവും ചോറ് വെക്കലും ഉറക്കവും. അന്ന് കുഞ്ഞി കുഞ്ഞി മണ്‍പാത്രങ്ങള്‍ കിട്ടും. അതിലാണ് ചോറും കറിയും ഒക്കെ വച്ച് കളിക്കുക. അച്ഛമ്മ കാണാതെ ഇടനാഴിയില്‍ പോയി രണ്ട് മണി അരി എടുത്തോണ്ട് വരും, കുഞ്ഞിക്കലത്തില്‍ ചോറ് വെക്കാന്‍. വെള്ളം തിളപ്പിക്കാന്‍ ഓലക്കൊട കത്തിക്കും. ചോറ് വേവാനുള്ള ക്ഷമ ഉണ്ടാകില്ല. അതിന് മുന്നേ കുഞ്ഞടുപ്പില്‍ നിന്നും മാറ്റും. കറിക്കായിട്ട് ഒന്നും ഉണ്ടാവില്ല വെള്ളത്തില്‍ ഇത്തിരി എന്തെങ്കിലും ഇലകള്‍ മുറിച്ചിട്ട് തിളപ്പിക്കും. ചോറായി, കറിയായി. പ്ലാവിലയില് ചോറും കറിയും വിളമ്പും. കഴിക്കുന്ന പോലെ അഭിനയിക്കും. എന്നിട്ട് കുറ്റിപ്പുരക്ക് അകത്ത് തന്നെ ഉറങ്ങും.
ഉച്ചയ്ക്ക് ശേഷം അമ്മയും മേമമാരും എല്ലാവരും ഉറങ്ങും. ഞങ്ങള്‍ ആരും ഉറങ്ങില്ല. അടുക്കളയുടെ നേരെ മുകളിലായി ഒരുപാട് പച്ചമാങ്ങകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും അതിനായി ഏണിയെടുത്ത് അടുക്കളയ്ക്ക് മുകളില്‍ കയറും. അടുക്കള മാത്രം കോണ്‍ക്രീറ്റ് ആയിരുന്നു. അതിനാല്‍, കേറാന്‍ എളുപ്പമാണ്. കൈകൊണ്ട് എത്തുന്ന മാങ്ങകള്‍ എത്തിപ്പിടിച്ച് പറിച്ചെടുക്കും. തൊട്ടരികില്‍ തന്നെ വാട്ടര്‍ ടാങ്കുണ്ട്. അതില്‍ മാങ്ങകള്‍ കഴുകിവയ്ക്കും.
ഒരാള്‍ താഴെ അടുക്കളയില്‍ പോയി പ്ലേറ്റില്‍ കത്തിയും ഒപ്പും മുളകുപൊടിയും എടുത്ത് വരും. പിന്നെ ഓരോന്നും മുറിക്കലായി. ഉപ്പും മുളകും ചേര്‍ക്കലായി. കഴിക്കലായി. സ്വന്തം വീട്ടില്‍ നിന്നാണെങ്കിലും കട്ടെടുക്കുന്ന ഒരു സുഖം അത് വേറെ.
വൈകുന്നേരങ്ങളില്‍ ചിലപ്പോഴൊക്കെ കുറച്ച് അപ്പുറത്തുള്ള മില്ലില്‍ പോയി അരിയോ മുളകോ പൊടിപ്പിക്കാന്‍ ഉണ്ടാവും. അച്ഛമ്മ കാശ് തരും. ഞാനും ചേച്ചിയും പോവും. മില്ലിലേക്ക് കുറച്ച് ദൂരം നടക്കാനുണ്ട്. മില്ലില്‍ നിന്ന് ബാക്കി കിട്ടുന്ന തുകയില്‍ നിന്ന് രണ്ടോ മൂന്നോ രൂപ ഞങ്ങള്‍ക്ക് ഉള്ളതാണ്. നടന്നതിനുള്ള കൂലി. തിരിച്ച് പോകുമ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ എളന്തക്ക അച്ചാറോ എളന്തക്ക പൊടിയോ ഉപ്പിലിട്ടതോ അങ്ങനെ എന്തെങ്കിലും വാങ്ങിക്കും. ബാക്കി വരുന്ന പൈസയാണ് അച്ഛമ്മയ്ക്ക് കൊടുക്കാറ്. അതിനനുസരിച്ച് കണക്ക് ഒക്കെ ചേച്ചി സെറ്റ് ആക്കും. ഇതൊന്നും പാവം അച്ഛമ്മ അറിയില്ല. അച്ഛമ്മയ്ക്ക് വേണ്ടത് പൊടിച്ചു കിട്ടും. അപ്പോള്‍ അച്ഛമ്മയും ഹാപ്പി ഞങ്ങളും ഹാപ്പി.
വലിയ ക്ലാസില്‍ ആയപ്പോള്‍ ചേച്ചിയുടെ വരവ് നിന്നു. പിന്നെ ഞാനും അനിയത്തിയുമായി പോക്ക്. ഞാനും ചേച്ചിയുമായി നടത്തിയിരുന്ന കളവുകള്‍ ഞാനും അനിയത്തിയുമായി തുടര്‍ന്നു പോന്നു. പിന്നെ പിന്നെ പിന്നെ എന്റെ പോക്കും നിന്നു. പിന്നെ അനിയത്തിമാരായി ആ കളവുകള്‍ തുടര്‍ന്നിരുന്നോ എന്നെനിക്കറിയില്ല. ഇന്നും മില്ല് കാണുമ്പോള്‍ അച്ഛമ്മയെ പറ്റിച്ച് തിന്ന കാര്യമാണ് ഓര്‍മ്മ വരുന്നത്.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.