അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ തീര്‍ത്ഥാടനം ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഭക്തർ പോലും ക്ഷേത്രം സന്ദർശിച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യ-പാക് ബന്ധത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിലും, പാകിസ്ഥാനിൽ നിന്ന് അയോധ്യയിലേക്ക് നിരവധി പേര്‍ എത്തുന്നുണ്ട്. ഇതിനിടയിൽ ഇപ്പോഴിതാ പാകിസ്ഥാനിൽ നടക്കുന്ന നിര്‍മിതി ശ്രദ്ധേയമാവുകയാണ്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ രാമക്ഷേത്രം നിർമാണം പുരോഗമിക്കുകയാണ്. വ്ലോഗർ മഖൻ റാം ആണ് ഒരു വീഡിയോയിലൂടെ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതിയുടെ വിശേഷം പങ്കുവച്ചിരിക്കുന്നത്. വെറും രാമക്ഷേത്രമല്ല, മറിച്ച് അയോധ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്ര നിര്‍മാണം തുടരുന്നതെന്നാണ് വിവരം. പ്രദേശത്തെ പൂജാരിയായ താരൂറാമിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം ഒരുങ്ങുന്നതെന്ന് വ്ലോഗര്‍ പറയുന്നു.
ഇതിന് പ്രചോദനമായത് പൂജാരി താരൂറാമിന്റെ അയോധ്യ സന്ദര്‍ശനമായിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹം ഗംഗാജലവും കൊണ്ടുപോയിരുന്നു. ഇത് പാകിസ്ഥാനിലെ ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങുകൾക്കും ഉപയോഗിക്കുമെന്നാണ് അദ്ദേഹം മഖൻ റാമിനോട് വിശദീകരിക്കുന്നത്.
അയോദ്ധ്യയിൽ ഗംഗയിൽ മുങ്ങി പ്രാർത്ഥിക്കുമ്പോൾ എന്റെ സ്വദേശത്ത് ഒരു രാമക്ഷേത്രം ലഭിക്കാൻ പ്രാത്ഥിച്ചു. ഈ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കുന്നതായി തോന്നുന്നു. പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ക്ഷേത്രം പണിയാൻ സഹായം നൽകുന്നുണ്ടെന്നും താരൂറാം പറഞ്ഞു. ആറ് മാസം മുമ്പ് നിർമാണം ആരംഭിച്ച ക്ഷേത്രം പൂര്‍ത്തിയായി വരികയാണ്.ക്ഷേത്രത്തിന്റെ പ്രധാന ഘടന ഏറെക്കുറെ പൂർത്തിയായി. പ്രതിഷ്ഠ നടത്തും മുമ്പ് കുറച്ച് ജോലികൾ കൂടി ബാക്കിയുണ്ട്. മതിൽ പൂർത്തിയായി, ക്ഷേത്രത്തിനുള്ളിലെ മറ്റ് വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും തരൂറാം വ്യക്തമാക്കുന്നു.