കേസരി എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ്: കപ്പടിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വനിതകൾ
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി -എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 വനിതകളുടെ വിഭാഗത്തിൽ അമൃത ടിവിയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വിജയികളായി. ടൂർണമെന്റ് ബെവ്‌കോ സി എം ഡി ഹർഷിത അട്ടല്ലൂരി ഐ പി എസ് ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി, അമൃത ടി വി, മാതൃഭൂമി ന്യൂസ്, ന്യൂസ് 18കേരള, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം തുടങ്ങിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നിലിയ വേണുഗോപാൽ (ദേശാഭിമാനി) ആണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.
മറ്റു പുരസ്കാരങ്ങൾ: ബെസ്റ്റ് ബാറ്റർ: ജീവനി കിരൺ (അമൃത ടിവി), ബെസ്റ്റ് ബോളർ: എൽസ ട്രീസ ജോസ് (ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം), ബെസ്റ്റ് ഫീൽഡർ: ഗീതു ജോണി (മാതൃഭൂമി ന്യൂസ്). പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച നടത്താനിരുന്ന പുരുഷ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. പ്രതിദ്ധ്വനി, എക്സൈസ് ടീമുകളും മാധ്യമ പ്രവർത്തകരുടെ ടീമുകളും തമ്മിലുള്ള സൗഹൃദ മത്സരവും നടക്കും. വൈകിട്ട് 5 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ ടൂർണമെന്റ് സമാപിക്കും.