സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതിയിൽ ഗുരുതര ക്രമക്കേടെന്ന് എജി, മന്ത്രിയുടെ രാജിക്കായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

പാലക്കാട്: പാലക്കാട് അട്ടപ്പാടി താഴെത്തുടിക്കിയിൽ ആദിവാസികള്‍ക്കായി നടപ്പാക്കിയ സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതിയിൽ ക്രമക്കേടെന്ന് എജി. ഒരു കോടി 43, 38,800 രൂപയ്ക്കാണ് തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് അനർട്ടുവഴി പദ്ധതി കരാർ നൽകിയത്. രണ്ടു കമ്പനികള്‍ മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്.

അതിൽ ഒരു കമ്പനിയെ സാങ്കേതിക അയോഗ്യരാക്കി. വീണ്ടും ടെണ്ടർ വിളിക്കുന്നതിന് പകരം തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് നൽകിയത് ചട്ടവിരുദ്ധമെന്നാണ് എജിയുടെ കണ്ടെത്തൽ. ശാസ്ത്രീയ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ തുകയക്ക് പുറമേ  27.66 ലക്ഷം രൂപ കരാർ കമ്പനി ആവശ്യപ്പെട്ടു. ഈ പണം നൽകാൻ വൈദ്യതി മന്ത്രി അധ്യക്ഷായ അനെർട്ടിന്‍റെ ഗവേണിംഗ് ബോഡി തീരുമാനിച്ചതും ക്രമവിരുദ്ധമെന്നാണ് എജിയുടെ റിപ്പോർട്ട്.

അതേസമയം, അനെർട്ട് വഴി കോടികളുടെ അഴിമതി നടത്തിയ മന്ത്രി കെ കൃഷ്ണൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായി.

പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗോത്രവർഗ്ഗ  ഉന്നതികളിൽ നടപ്പാക്കിയ പദ്ധതികളിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. 

അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം ഗോത്രവർഗ്ഗ ഉന്നതികളിൽ ആദിവാസികളുടെ ഉന്നമനത്തിനായി അനെർട്ട് നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിലാണ് അഴിമതി ആരോപണം. സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. തുക കാണിക്കാതെയും മത്സര സ്വഭാവമില്ലാതെയും ടെണ്ടർ ഉറപ്പിച്ചു നൽകിയെന്നും ടെണ്ടറിൽ നിർദ്ദേശിച്ച യോഗ്യതയില്ലാത്ത കമ്പനിയ്ക്ക് വർക്ക് ഓർഡർ നൽകിയെന്നും ഇതിനെല്ലാം വൈദ്യുതി മന്ത്രി കൂട്ടു നിന്നുവെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യൂതൻ ആരോപിച്ചു.

ആദിവാസികൾക്കു പണിക്കൂലി നൽകിയെന്ന പേരിലും വൻ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് ആരോപണം. ഇത് തെളിയിക്കാൻ ആദിവാസികളുടെ പ്രതികരണവും പുറത്തു വിട്ടു. അതേസമയം വീഴ്ച പരിശോധിക്കാൻ അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

വയനാട് ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമാണ പ്രവൃത്തി തുടങ്ങി; സിപിഎം നേതാക്കളോട് കയർത്ത് എസ്റ്റേറ്റ് തൊഴിലാളികൾ
 

By admin