വയനാട് ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമാണ പ്രവൃത്തി തുടങ്ങി; സിപിഎം നേതാക്കളോട് കയർത്ത് എസ്റ്റേറ്റ് തൊഴിലാളികൾ
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ പ്രാരംഭ നിർമാണ നടപടികള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങി. എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തിന് പിന്നാലെ നിലം ഒരുക്കുന്ന നടപടികളാണ് ഊരാളുങ്കല്‍ തുടങ്ങിയത്. എന്നാല്‍, ശമ്പള കുടിശ്ശിക ഉള്‍പ്പെടെ നല്‍കാതെ തങ്ങളെ ഒഴിപ്പിക്കുന്നതില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നിർമാണ സ്ഥലത്ത് പ്രതിഷേധിച്ചു. നാളെ മുതല്‍ നിർമാണം തടയുമെന്നാണ് മുന്നറിയിപ്പ്.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സർക്കാർ ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രാരംഭ നിർമാണ പ്രവൃത്തികള്‍ എസ്റ്റേറ്റില്‍ തുടങ്ങിയത്. എല്‍സ്റ്റണിലെ തേയില ചെടികള്‍ പറിച്ചുമാറ്റി നിലം ഒരുക്കുന്നതാണ് ആദ്യഘട്ടം നടക്കുന്നത്. മഴക്കാലം മുന്നില്‍ കണ്ട് റോഡ് നിർമാണവും വേഗം പൂര്‍ത്തിയാക്കും. ഈ വർഷം അവസാനത്തോടെ ടൗണ്‍ഷിപ്പിലെ വീടുകള്‍ പൂർത്തീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ് നിർമാണം തുടങ്ങുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ ദിവസത്തെ നടപടികള്‍.
എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. ദീർഘനാളുകളായുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും എസ്റ്റേറ്റ് ഉടമ നല്‍കിയിട്ടില്ലെന്നും അതില്ലാതെ തങ്ങളെ ഒഴിപ്പിക്കാനാകില്ലെന്നുമാണ് എല്‍സ്റ്റണിലെ തൊഴിലാളികളുടെ നിലപാട്. നിർമാണം നടക്കുന്ന സ്ഥലത്ത് പ്രതിഷേധിച്ച തൊഴിലാളികള്‍ സ്ഥലത്ത് എത്തിയ സിപിഎം നേതാവ് സി കെ ശശീന്ദ്രനോടും കയർത്തു.
കഴിഞ്ഞ മാസം 25ന് യൂണിയന്‍ പ്രതിനിധികള്‍ ലേബർ കമ്മീഷണറുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ നിന്ന് കുടിശ്ശിക നല്‍കുമെന്നായിരുന്നു എസ്റ്റേറ്റ് മാനേജ്മെന്‍റിന്‍റെ ഉറപ്പ്. എന്നാല്‍, ഭൂമിയുടെ വില സംബന്ധിച്ച് തർക്കം നിലനില്‍ക്കുന്നതാണ് തൊഴിലാളികളുടെ ആശങ്ക. പ്രശ്നങ്ങള്‍ നിർമാണം വൈകുന്നതിന് കാരണമാകുമോയെന്ന ആശങ്ക ദുരന്തബാധിതരിലും ഉണ്ട്.
ഇതിനിടെ, വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി ഇന്നലെ സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്റ്റേറ്റ് ഉടമകൾ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ മുൻകൂട്ടി തടസ ഹര്‍ജി നൽകിയത്.