ഓരോ ആഴ്ചയും 3,200 കിലോമീറ്റർ വിമാനയാത്ര, ഇതുവരെ ചിലവ് 1.7ലക്ഷം, നിയമവിദ്യാര്‍ത്ഥിനിയുടെ കോളേജില്‍പോക്ക് ഇങ്ങനെ
ദൂരെയാണ് നമുക്ക് പഠിക്കാൻ അഡ്മിഷൻ കിട്ടുന്നതെങ്കിലോ, അല്ലെങ്കിൽ ജോലി കിട്ടുന്നതെങ്കിലോ നമ്മൾ ആ നാട്ടിലേക്ക് താമസം മാറുകയാണ് ചെയ്യുക. അല്ലാതെ അങ്ങോട്ട് പോയി വരുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എന്നാൽ, ഈ യുവതി ദിവസേന വലിയ ദൂരം പോയി വന്നാണ് നിയമം പഠിക്കുന്നത്. എല്ലാ ആഴ്ചയും മെക്സിക്കോ സിറ്റിയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കാണ് ക്ലാസുകളിൽ പങ്കെടുക്കാൻ നാറ്റ് സെഡില്ലോ എന്ന 30 -കാരിയുടെ യാത്ര.
മാൻഹട്ടനിലെ ഒരു മികച്ച നിയമ സ്കൂളിൽ അവസാന സെമസ്റ്റർ വിദ്യാർത്ഥിനിയാണ് അവൾ. ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, തിങ്കളാഴ്ച രാവിലെയാണ് അവൾ വിമാനത്തിൽ അങ്ങോട്ട് പോകുന്നത്. ചൊവ്വാഴ്ച രാത്രിയോടെ മെക്സിക്കോയിലേക്ക് മടങ്ങുകയും ചെയ്യും.
ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അതിന്റേതായ ഗുണങ്ങളും ഉണ്ട് എന്നും നാറ്റ് സെഡില്ലോ പറയുന്നു. സെഡില്ലോയും ഭർത്താവ് സാന്റിയാഗോയും കഴിഞ്ഞ വർഷമാണ് ബ്രൂക്ലിനിൽ നിന്ന് മെക്സിക്കോയിലേക്ക് താമസം മാറിയത്. മെച്ചപ്പെട്ട കാലാവസ്ഥയും താങ്ങാനാവുന്ന ചെലവും ഒക്കെ കണക്കിലെടുത്താണ് അവർ മെക്സിക്കോ സിറ്റിയിലേക്ക് താമസം മാറിയത്. എന്നാൽ, സെഡില്ലോ ന്യൂയോർക്കിൽ തന്റെ നിയമ പഠനം തുടർന്നു.
ജനുവരി മുതലുള്ള ഈ വിമാന യാത്രകൾ, ഭക്ഷണം, ന്യൂയോർക്കിലെ ചെറിയ സമയത്തെ താമസം എന്നിവയ്ക്കായി അവർ 2,000 ഡോളറിലധികം (ഏകദേശം 1.7 ലക്ഷം രൂപ) ചെലവഴിച്ചു കഴിഞ്ഞു. 13 ആഴ്ച നീണ്ടുനിന്ന സെമസ്റ്ററിലുടനീളം, അവർ 4,000 മൈലിലധികം ദൂരമാണ് യാത്ര ചെയ്തത്.