‘ഹിന്ദി വേണ്ട, മറാത്തി മതി’; എംഎൻഎസ് കണ്ണുരുട്ടതിന് പിന്നാലെ ഹിന്ദി മായ്ച്ച് മറാത്തിയെഴുതി എംഎംആർഡിഎ

താനെ: ഹിന്ദി ബോർ‌ഡുകൾക്ക് പകരം മറാത്തി ഉപയോ​ഗിച്ച് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ). ഡോംബിവ്‌ലിയിലെ മെട്രോ 12 നിർമ്മാണ സ്ഥലത്ത് സ്ഥാപിച്ച ബാരിക്കേഡുകളിലാണ് ഹിന്ദിക്ക് പകരം മറാത്തി ഉപയോ​ഗിച്ചത്.  ഇംഗ്ലീഷും ഉപയോഗിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രതിഷേധിച്ചതിന് പിന്നാലെയാണ് എംഎംആർഡിഎയും നടപടി. എംഎംആർഡിഎ ഉദ്യോഗസ്ഥർ കരാറുകാരനോട് ഇംഗ്ലീഷിനൊപ്പം മറാത്തി എഴുതാൻ നിർദേശിച്ചു.

നേരത്തെ ബാങ്കുകളിൽ ഹിന്ദി ബോർഡുകൾക്ക് പകരം മറാത്തി ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎൻഎസ് പ്രതിഷേധം നടത്തിയിരുന്നു. സ്കൂളുകളിലും കോളേജുകളിലും നെയിം ബോർഡുകൾ മറാത്തിയിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടും സമരം നടത്തുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് എംഎൻഎസിന്റെ വിദ്യാർത്ഥി വിഭാഗം നേതാവ് ചേതൻ പെഡ്‌നേക്കർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിരുന്നു.  

ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും മറാത്തി ഭാഷാ പ്രചാരണം താൽക്കാലികമായി നിർത്താൻ എംഎൻഎസ് മേധാവി രാജ് താക്കറെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. മതിയായ അവബോധം സൃഷ്ടിക്കാൻ സമരത്തിന് സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൻഎസ് അംഗങ്ങളെന്ന് അവകാശപ്പെടുന്ന വ്യക്തികൾ ബാങ്ക് ശാഖകൾ സന്ദർശിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മുഖ്യമന്ത്രി ഫഡ്‌നാവിസിന് കത്തെഴുതിയിരുന്നു.

Asianet News Live

 

By admin