വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ആറ് ദിവസം ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 12 പേര് പിടിയിൽ
ലക്നൗ: ഉത്തർപ്രദേശിലെ വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കിയ സംഭവത്തില്‍ 12 പേര് അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
19 കാരിയായ യുവതിയെ ആറ് ദിവസമാണ് 23 പേർ ചേർന്ന് ക്രൂരബലാത്സംഗത്തിന് ഇരയ്ക്കിയത്. കഴിഞ്ഞമാസം 29നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വാരണാസിയിലെ ഒരു ബാറിൽ എത്തിയ പെൺകുട്ടിയെ അവിടെവെച്ച് പ്രതികൾ ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. പിന്നീട് വിവിധ ഹോട്ടലുകളിൽ എത്തിച്ച് ക്രൂര ബലാൽസംഗത്തിന് ഇരയാക്കി.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുൻ സുഹൃത്തുക്കളും ഉൾപ്പെടുന്നു. സംഭവത്തിൽ 23 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ 12 പേരാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ഉണ്ടായ കൂട്ട ബലാത്സംഗം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും മോദി പോലീസിന് നിർദ്ദേശം നൽകി.