പിൻവലിച്ചത് 18.2 കോടിയിലേറെ റിയാൽ, വൻ ഹിറ്റായി ഈദിയ്യ എടിഎമ്മുകള്‍

ദോഹ: കുട്ടികൾക്ക് പെരുന്നാൾ പൈസ ഇല്ലാതെ പെരുന്നാളാഘോഷമുണ്ടാകില്ല. പെരുന്നാൾ കാലത്ത് കുട്ടികൾക്ക് സമ്മാനമായി പണം നൽകുന്ന പരമ്പരാഗത ആചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈദിയ്യ എടിഎമ്മുകള്‍ സ്ഥാപിക്കാറുണ്ട്. ഇത്തവണ പെരുന്നാളിന് ഈദിയ്യ എടിഎമ്മുകളില്‍ നിന്നും 18.2 കോടിയിലേറെ റിയാലാണ് സ്വദേശികളും താമസക്കാരുമടക്കമുള്ളവർ പിന്‍വലിച്ചതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 

രാജ്യത്ത് പത്തിടങ്ങളിലാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈദിയ്യ എടിഎമ്മുകള്‍ സ്ഥാപിച്ചിരുന്നത്. പെരുന്നാളിന് കുട്ടികൾക്ക് പണമോ സമ്മാനമോ നൽകുന്ന പരമ്പരാഗത ആചാരം തിരികെ കൊണ്ടുവന്ന് ഖത്തറി സംസ്കാരവും പൈതൃകവും സംരക്ഷിക്കുകയാണ് ഈദിയ എടിഎമ്മിലൂടെ ലക്ഷ്യമിടുന്നത്. സാധാരണ എടിഎമ്മുകളിൽ നിന്നും ലഭിക്കാത്ത 5, 10 റിയാലിന്റെ നോട്ടുകൾ ഈദിയ എടിഎമ്മുകളിലൂടെ ലഭിക്കും. കൂടാതെ 50, 100 റിയാൽ നോട്ടുകളും ഉണ്ട്. ചുളിവുകളൊന്നുമില്ലാത്ത പുതു പുത്തൻ നോട്ടുകളാണ് ഈദിയ എടിഎമ്മുകളിലൂടെ ലഭിക്കുന്നത്. 

read more: വരുന്നത് ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം, നിര്‍മാണം തുടങ്ങാനൊരുങ്ങി ഖത്തർ
 
ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വെൻഡോം മാൾ, അൽ ഖോർ മാൾ, അൽ അസ്മക് മാൾ, അൽ മിർഖാബ് മാൾ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ വെസ്റ്റ് വാക്ക്, അൽ മീര മുഐതർ, അൽ മീര അൽ തുമാമ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകളിൽ നിന്നാണ് 18.2 കോടി റിയാലിലേറെ പിന്‍വലിച്ചത്. മാര്‍ച്ച് രണ്ടാം വാരം തുടങ്ങിയ ഈദിയ്യ എടിഎം സംവിധാനം ഇന്നലെയോടെ അവസാനിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin