സർക്കാറിന്റെ അഭിമാന പദ്ധതി, പക്ഷേ മാലിന്യ സംസ്കരണത്തിന് സംവിധാനല്ല; മത്സ്യത്തൊഴിലാളികൾക്ക് ദയനീയ ജീവിതം
തിരുവനന്തപുരം: ‘മാലിന്യ മുക്ത കേരളവും’ ‘വൃത്തി’ ക്യാമ്പെയിനുമൊക്കെയായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ തലസ്ഥാനത്ത് പൊഴിയൂരിലെ ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിച്ച മത്സ്യതൊഴിലാളിളുടെ ജീവിതാവസ്ഥ അതിദയനീയമാണ്. കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നത് ഫ്ലാറ്റിന് ഒത്ത നടുവിലൂടെ. മാലിന്യ സംസ്കരണത്തിന് പേരിന് പോലും സംവിധാനം ഇല്ലാത്ത ഫ്ലാറ്റ് പരിസരം ആകെ വലിയ മാലിന്യക്കൂനകളാണ്.
പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പൊഴിയൂരിലെ നിറവ് ഫ്ലാറ്റ്. കുളത്തൂർ പഞ്ചായത്തിൽ നിന്നുള്ള 128 കുടുംബങ്ങളെ മൂന്ന് വർഷം മുൻപ് ആഘോഷപൂർവ്വം പൊഴിയൂരിലെ ഫ്ലാറ്റിലേക്ക് മാറ്റി. പേര് നിറവെന്നാണെങ്കിലും ഫ്ലാറ്റിലും പരിസരത്തും നിറഞ്ഞ് കിടക്കുന്നത് പലവിധ മാലിന്യമാണ്. കക്കൂസ് ടാങ്ക് പൊട്ടി രണ്ട് ഫ്ലാറ്റ് സമുച്ഛയത്തിന് ഒത്ത നടുക്ക് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസം നാലായി.
ഇനി പുറത്തെ കാഴ്ചകളാണെങ്കിൽ കെട്ടുകണക്കിന് വേസ്റ്റാണ് കാക്കയാർത്ത് കിടക്കുന്നത്. 128 വീടുകളിലായി അഞ്ഞൂറിലധികം ആളുകൾ താമസിക്കുന്ന സ്ഥലത്ത് പേരിന് പോലും മാലിന്യ സംസ്കരണ സംവിധാനം ഇല്ല. പഞ്ചായത്ത് തിരിഞ്ഞ് പോലും നോക്കിയിട്ടുമില്ല. തീരദേശ വികസന കോർപറേഷനാണ് വീട് നിർമിച്ചത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും പരിപാലന ചുമതലയുണ്ട്. കടൽ തീരത്തെ വീടിന് പകരം വീട് അനുവദിച്ച് കിട്ടിയ കുടുംബങ്ങൾക്ക് വർഷം മൂന്നായിട്ടും ഉടമസ്ഥാവകാശം കൈമാറാനുള്ള നടപടികൾ പോലും അധികൃതർ സ്വകീരരിച്ചിട്ടുമില്ല.