രണ്ട് കാലങ്ങള്‍, ഒരു നാട്, ഇടയില്‍ പരസ്പരം തിരിച്ചറിയാനാവാതെ മാറ്റങ്ങള്‍!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

‘നൂറ്റമ്പത്…’ വഴിയോരത്ത് പൂക്കള്‍ വില്‍ക്കുന്ന ചേച്ചി ഉറക്കെ പറഞ്ഞു. 

വേറാരെങ്കിലും നോക്കുന്നതിന് മുന്നേ ഞാന്‍ ആ ഒരു മുഴം മുല്ലപ്പൂവ് തട്ടിപ്പറിച്ചു. 

‘ഇത്തിരി കൂടുതല്‍ ആണ് കേട്ടോ’- ഓണം സെലിബ്രേഷന് സെറ്റ് സാരിക്ക് മുല്ലപ്പൂവും കൂടെ ചൂടിയില്ലെങ്കില്‍ ഉപ്പില്ലാത്ത കഞ്ഞി പോലെയാ. പരീക്ഷ കഴിഞ്ഞുള്ള പരിപാടി ആയതോണ്ട് മനസ്സറിഞ്ഞ് അങ്ങ് ആഘോഷിച്ചു. 

തിരികെ വീട്ടില്‍ എത്തിയാല്‍ നാട്ടിലേക്ക് പോകാനുള്ള തുണിയൊക്കെ എടുത്തു വെക്കണം. വീട്ടിലേക്ക് വരും വഴി തമ്പി അങ്കിളിന്‍റെ വീട്ടുമുറ്റത്തെ മാവില്‍ നിന്ന് ആരും കാണാതെ നിറയെ കണ്ണിമാങ്ങാ പെറുക്കണം. വീട്ടില്‍ കൊണ്ടോയി ഉപ്പും കൂട്ടി കഴിക്കാം.

അന്ന്  ഹെഡ്‌സെറ്റും മറ്റും ഒന്നുമില്ലല്ലോ, വീട്ടിലേക്ക് നടക്കുംവഴി പാട്ടും പാടിയാണ് പോക്ക്. പത്താംക്ലാസ്സ്  കഴിഞ്ഞതില്‍പ്പിന്നെ  ആദ്യം കിട്ടുന്ന സ്‌കൂള്‍ വെക്കേഷന്‍ ആണേ. വീട്ടില്‍ വന്നാല്‍ പിന്നെ ഒരു മണിക്കൂറ് കണ്ണാടിയുടെ മുന്നില്‍ നിന്ന് സാരി സൗന്ദര്യം ആസ്വദിക്കലാണ് പണി. റിസ്‌ക് ആണെന്നറിയാം, എങ്കിലും ഒരല്പം സിന്ദൂരം കൂടെ തൊട്ടു നോക്കും. രാവിലെ ജോലിക്ക് പോകും മുമ്പ് അമ്മ ഉണ്ടാക്കിവെച്ച ഉച്ചയൂണും കഴിച്ച് പാക്കിങ് തുടങ്ങും. കാറിലാണ് നാട്ടിലേക്കുള്ള പോക്ക്. ബാക്കിവന്ന ചോറും കൂട്ടാനും കാറിന്‍റെ ഡിക്കിയില്‍ എടുത്ത് വച്ചിട്ടുണ്ടാകും. കോട്ടയം ഒക്കെ എത്തുമ്പോള്‍ വണ്ടി റോഡ് സൈഡില്‍ ഒതുക്കി പേപ്പര്‍പ്ലേറ്റില്‍ ഭക്ഷണം കഴിക്കും. ഹോട്ടലില്‍ പോയി കഴിക്കുകയെന്ന് പറയുന്നത് ഒരുതരം ലക്ഷ്വറി ആണേ.

യാത്രക്ക് ഉടനീളം ക്ഷീണം വരാതിരിക്കാന്‍ പഴം, ഓറഞ്ച്, നട്‌സ് ഒക്കെ കരുതിയിട്ടുണ്ടാകും. നമ്മുടെ പഴയ മാറ്റീസാണ് വണ്ടി, യാത്രക്കിടെ ഓക്കാനം പതിവാണെങ്കിലും പത്തനംതിട്ടയില്‍ എത്തിയാല്‍ അച്ഛന്‍ പണ്ട് സ്ഥിരം കയറുന്ന ചായക്കടയില്‍ നിന്ന് പരിപ്പുവടയും പഴമ്പൊരിയും വാങ്ങും. അത് കിട്ടിയാല്‍ പിന്നതുമതി.

അച്ഛന്‍റെ വീട്ടില്‍ വൈകിട്ട് കട്ടന്‍കാപ്പിയാണ് പതിവ്. അതും കുടിച്ചു താഴേ പറമ്പിലോട്ട് പോകും. മഴ പെയ്താല്‍ വാഴയിലയോ ചേമ്പിലയോ തലയില്‍ പിടിച്ചുകൊണ്ട് വീട്ടിലേക്കോടും. തുള്ളിക്കൊരുകുടം പോലെയാ, വീടെത്തിയാല്‍ അടുക്കളമുറ്റത്ത് നിന്നുകൊണ്ട് അപ്പച്ചീടെ കയ്യിന്നൊരു  സോപ്പും കൂടെ വാങ്ങി അങ്ങ് കുളിക്കും. രാത്രി അത്താഴത്തിന് സാമ്പാറ്. തവിട്ട് നിറമായിരിക്കും, എല്ലാം കല്ലിലരച്ചും വറുത്തും പൊടിച്ചും എടുക്കുന്നത്‌ കൊണ്ട് നല്ല രുചിയാണ്. ഇന്നും സാമ്പാറ് വെക്കുമ്പോള്‍ ഞാന്‍ അപ്പച്ചിയെ ഓര്‍ക്കും, ഉപ്പ് നോക്കാന്‍ എടുക്കുന്ന ഒരു സ്പൂണ്‍ സാമ്പാറിന് നിമിഷനേരം കൊണ്ട് എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയാറുണ്ട്.

തോട്ടിലും പുഴയിലും കുളിക്കാന്‍ പോകുമ്പോ ഒരു മഗ്ഗ് കൂടെ കൊണ്ട് പോകും. പുഴവക്കില്‍ നിന്നുകൊണ്ട് കോരികുളിക്കാന്‍. ചുറ്റും നീന്തി കുളിക്കുന്ന സമപ്രായക്കാരുടെ ‘നീന്തലറിയില്ല’ എന്ന കളിയാക്കല്‍ മറക്കാന്‍ ‘അവള്‍ക്കിത് പതിവില്ല, പനിപിടിക്കും’ എന്ന മുദ്രാവാക്യം ഇടയ്ക്കിടക്ക് അമ്മ വിളിച്ചു പറയും.

രാത്രി പാടത്ത് മിന്നാമിനുങ്ങിനെ കാണാന്‍ പോകുന്ന പതിവുണ്ട്. എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റാത്തത്ര മിന്നാമിനുങ്ങ്, പറ്റിയാല്‍ അതിലൊരെണ്ണത്തിനെ ഉടുപ്പിന്‍റെ പോക്കറ്റില്‍ ഇടും എന്നിട്ട് മുറിയില്‍ കൊണ്ടുവന്ന് പറത്തിവിടും, അത് മിന്നുന്നതും നോക്കിയാ ഉറങ്ങാറ്.

ഇന്ന് നാട്ടില് പോയിരുന്നു, പണ്ട്  ആ നാട്ടുവഴികള്‍ ആസ്വദിച്ച് നാട്ടുകാരോട് കുശലവും പറഞ്ഞു പോയ്‌കൊണ്ടിരുന്നതാ. ഇന്ന് ഭര്‍ത്താവിന്‍റെ കൂടെ പോയപ്പോള്‍ ഗൂഗിള്‍ മാപ്പ് നോക്കി പോകേണ്ടി വന്നു. നാട്ടില്‍ തറവാടിനടുത്ത് അച്ഛന്‍ ഒരു ചെറിയ വീടുവെച്ചു. ഭാഗം വെപ്പൊക്കെ കഴിഞ്ഞു. പണ്ട് അച്ഛന്‍ ഉപയോഗിച്ചിരുന്ന മുറി ഇന്ന് വല്യമ്മയുടെ മകളുടെ  മുറി. അതുകൊണ്ട് തന്നെ തറവാടിനടുത്ത് അച്ഛന്‍ വച്ച കുഞ്ഞു വീട് ഇന്ന് ഞങ്ങള്‍ക്ക് ഒരഭിമാനം പോലെയാ.

പാടത്തെല്ലാം റബ്ബര്‍ മരങ്ങള്‍, ഒറ്റപ്പെട്ട ചില വലിയ പണി തീരാത്ത വീടുകള്‍, നിഷ്‌കളങ്കമായ ചിരിയോടുകൂടി  കുശലാന്വേഷണം നടത്തിയ പലരിലും ഒരല്‍പം തലക്കനം വെച്ചപോലുള്ള മട്ടും ഭാവവും. ഒറ്റപ്പെട്ട വാര്‍ദ്ധക്യത്തെ മറയ്ക്കാന്‍ മകളുടെയും മകന്‍റെയും വിദേശവാസത്തിന്‍റെ വിശേഷം പറച്ചില്‍. ‘തോട്ടിലെ വെള്ളം എല്ലാം അഴുക്കാന്നെ, പാടത്തിനക്കരക്ക് ഫാക്ടറി ഒക്കെ വന്നല്ലോ’ -ചായയിടുന്നതിനിടക്ക്  ഒരു ചെറു ചിരിയോടെ വല്യമ്മ  പറഞ്ഞു. 

സന്ധ്യ മയങ്ങി, അച്ഛന്‍ പണിഞ്ഞ ഞങ്ങളുടെ കുഞ്ഞു വീട്ടില്‍ നിന്ന് കുറച്ചകലെയാണ് ആത്ര, പൂര്‍വികര്‍ ഉറങ്ങുന്ന മണ്ണ്. തൊട്ടടുത്തുള്ള ചെറു ചെടികളില്‍  നിന്ന് പൂക്കളും പറിച്ചു ഞാനും ഭര്‍ത്താവും കൂടെ ആത്രയില്‍ വിളക്കൊരുക്കി. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയപ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

അത്താഴം വെപ്പും പാത്രം കഴുകലും ഒക്കെ കഴിഞ്ഞ് മുറിയിലേക്ക്  വന്നപ്പോള്‍ എന്‍റെ പ്രിയപ്പെട്ടവന്‍ നല്ല ഉറക്കം. നാട്ടിലേക്ക് ഡ്രൈവ് ചെയ്ത് വരുന്ന വഴി നീളെ എന്‍റെ ബാല്യകാലം കേട്ടുള്ള ക്ഷീണമാകാം. കട്ടിലിനരികിലെ  ജനാല ഒരല്പം തുറന്നിട്ടുണ്ട്, കാറ്റില്‍ വലിയ മരങ്ങളുടെ ഇലകള്‍ അനങ്ങുന്ന ശബ്ദം. ജനാലക്കരുകില്‍ ഈ മരങ്ങളും നോക്കി കിടക്കുന്ന ഞാന്‍. ‘തണുപ്പുകയറും, നീ ജനലടക്കൂ.’ അര മനസ്സോടെ ഞാന്‍ ജനലടച്ചു. അതിനിടയിലെവിടെ നിന്നോ ഒരു കുഞ്ഞു മിന്നാമിനുങ്ങ് മുറിക്കകത്ത് കയറിയിരുന്നു.

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

By admin