വഖഫ് നിയമഭേദഗതിയില്‍ രാജ്യമൊട്ടാകെ വീടുകള്‍ കയറി പ്രചാരണത്തിന് ബിജെപി, ദേശീയ തലത്തില്‍ സമിതി രൂപീകരിച്ചു

ദില്ലി:വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തിന് അനൂകൂലമായി രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഏപ്രില്‍ ഇരുപത്  മുതല്‍ പഞ്ചായത്ത് തലം വരെ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനം.  പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഇത് ചെറുക്കാനുള്ള നീക്കത്തിന് ബിജെപിയും തയ്യാറെടുക്കുന്നത്.  പ്രചാരണപരിപാടികൾക്കായി ദേശീയ തലത്തിൽ ബിജെപി സമിതി രൂപീകരിച്ചു.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസിന്‍റെ  നേതൃത്വത്തിലുള്ള സമിതിയിൽ. അനില്‍ ആന്‍റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ അംഗങ്ങളാണ്. 

എല്ലാ  മണ്ഡലങ്ങളിലും വീട് കയറി പ്രചാരണത്തിനാണ് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാവും പ്രചാരണ പരിപാടികൾ നടത്തുക. മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണവുമുണ്ടാകും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15ന് തുടങ്ങും. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. 

ഇതിനിടെ വഖഫ് നിയമഭേദഗതിയിലെ നിലപാടിനെ ചൊല്ലി ബിജു ജനതാദളിൽ ചേരിപ്പോര് രൂക്ഷമായി. ബിജെഡിയുടെ രാജ്യസഭ എംപിമാർക്ക് സ്വന്തം തീരുമാനം അനുസരിച്ച് വോട്ട് ചെയ്യാനുള്ള നിർദ്ദേശമാണ ് പാർട്ട് നൽകിയത്. പലരും പല നിലപാട് സ്വീകരിച്ചതിലാണ് അസംതൃപ്തി പുകയുന്നത്. നടപടി പാർട്ടി അച്ചടക്കത്തിന്‍റെ  ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഏഴ് മുൻ എംഎൽഎമാർ അദ്ധ്യക്ഷന്‍ നവീൻ പട്നായിക്കിന് കത്തു നല്‍കി. മതനിരപേക്ഷ നിലപാടിൽ ബിജെപിക്കുവേണ്ടി ചില നേതാക്കൾ വെള്ളംചേർത്തെന്നാണ് ഒരു വിഭാഗത്തിന്‍റെ  വിമർശനം. ഇതിനിടെ നിയമത്തെ അനുകൂലിച്ച് ഹിന്ദുസേന സുപ്രീംകോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. ബുധനാഴ്ച ഹർജികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിക്കും

By admin