ചെന്നൈ: മീൻ പിടിച്ച ശേഷം വായിൽ വച്ചുകൊണ്ട് അടുത്ത മത്സ്യം പിടിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ചെന്നൈയിലെ മധുരാന്ധകത്തെ തടാകത്തിൽ മീൻ പിടിച്ചു കൊണ്ടിരുന്ന 29കാരൻ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഈ മേഖലയിൽ പതിവായി യുവാവ് മീൻ പിടിക്കാറുള്ള യുവാവ് സ്ഥിരം ചെയ്യുന്നത് പോലെ ആദ്യം പിടിച്ച മത്സ്യത്തെ വായിൽ കടിച്ച് രണ്ടാമത്തെ മത്സ്യത്തെ കൈ കൊണ്ട് പിടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
മീൻ തെന്നിപ്പോവാതിരിക്കാനാണ് ഇത്തരത്തിൽ വായിൽ കടിച്ച് പിടിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി വായിലിട്ട മത്സ്യത്തിന്റെ തല യുവാവിന്റെ ശ്വാസ നാളിയിൽ കുടുങ്ങിയതാണ് മരണകാരണം ആയത്. വായിൽ നിന്ന് മീനിനെ പുറത്തേക്ക് എടുക്കാൻ ശ്രമിച്ച യുവാവ് നിമിഷ നേരങ്ങൾക്കുള്ളിൽ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. കീലവാലത്തെ തടാകത്തിന് സമീപത്തെ അരെയപാക്കത്തെ വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വഴിയിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ചത്.
പനങ്കൊട്ടൈ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചെമ്പല്ലിയാണ് യുവാവിന്റെ ശ്വാസനാളിയിൽ കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്നവർ യുവാവിനെ ചെങ്കൽപേട്ടിലെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൈകൾ ഉപയോഗിച്ച് മീൻ പിടിക്കുന്നതിൽ വിദഗ്ധനായിരുന്നു യുവാവെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന യുവാവ് വീട്ടിലെ ആവശ്യത്തിനായാണ് തടാകത്തിൽ മത്സ്യം പിടിക്കാനെത്തിയത്. മൂര്‍ച്ചയുള്ള ചിറകുകളുള്ള തരം മീനാണ് യുവാവിന്‍റെ തൊണ്ടയില്‍ കുടുങ്ങിയത്. മീനിന്‍റെ തലഭാഗം വായയ്ക്ക് ഉള്ളിലായതിനാല്‍ ആഴ്ന്നിറങ്ങി ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മീന്‍ കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങി ശ്വാസനാളിയിൽ കുടുങ്ങിയതാണ് മരണകാരണം.