കോമഡി, ഇമോഷന്‍, ആക്ഷന്‍.. സ്റ്റാർ സർക്കിൾ പൂർത്തിയാകുന്നു.. എന്തുകൊണ്ടാണ്  നസ്‌ലെൻ ഇത്ര ലൈക്കബിള്‍?

കോമഡി, ഇമോഷന്‍, ആക്ഷന്‍.. സ്റ്റാർ സർക്കിൾ പൂർത്തിയാകുന്നു.. എന്തുകൊണ്ടാണ് നസ്‌ലെൻ ഇത്ര ലൈക്കബിള്‍?

“നസ്‍ലെന്‍ വളരെ ഡിസിപ്ലിൻഡ് ആണ്, മറ്റ് യങ് ആക്ടേഴ്സിനെ പോലെയല്ല. അവൻ അത്ര മോശം സിനിമകളിലൊന്നും തല വച്ചിട്ടുമില്ല. ഏത് സീനും വിശ്വസിച്ച് ഏൽപ്പിക്കാം..” നസ്‍ലെൻ്റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകൻ ഗിരീഷ് എഡി പറയുകയാണ്. കോമഡി മാത്രമല്ല, അവനെന്തും വഴങ്ങുമെന്ന് എനിക്ക് അന്നേ മനസിലായതാണ്. തണ്ണീർ മത്തൻ ദിനങ്ങളുടെ ഓഡീഷന് വരുമ്പോൾ ഒരു ഡയലോഗ് പോലും ചെയ്യിപ്പിച്ച് നോക്കിയില്ല. നസ്‍ലെനെ കണ്ടപാടെ ഓഡീഷൻ ടീമിലുള്ളവർ നേരെ ഗിരീഷിനടുത്തെത്തിച്ചു.

അസാധ്യ കോമഡി ടൈമിങ് കൊണ്ടും കൗണ്ടറുകൾകൊണ്ടും നായകനേക്കാൾ ശ്രദ്ധ നേടിയ തണ്ണീർ മത്തൻ ദിനങ്ങളിലെ മെൽവിൻ. ആദ്യ ചിത്രത്തിന് പിന്നാലെ നസ്‍ലെന്‍ തെരഞ്ഞെടുത്തതും വളരെ ഇൻട്രസ്റ്റിങ്ങായ സിനിമകളാണ്. വരനെ ആവശ്യമുണ്ട്, കുരുതി, ഹോം, മകൾ, ജോ ആൻഡ് ജോ, നെയ്മർ, സൂപ്പർ ശരണ്യ, 18+ പോലെ ചെറുതെങ്കിലും ഇൻട്രസ്റ്റിങ്ങായ കഥാപാത്രങ്ങൾ. നസ്‍ലെന്‍ സ്ക്രീനിൽ എത്തിയാൽ തന്നെ ചിരി പടരുമെന്ന അവസ്ഥയിലാണ് ചില സിനിമകളിൽ കാമിയോ വേഷങ്ങളിൽ പോലും അയാളെ പരിഗണിച്ചത്. 

തണ്ണീർ മത്തനിലെ മാത്യു- നസ്‍ലെന്‍ കോമ്പോയാണ് വർക്കായതെന്നാകും പ്രേക്ഷകർ ഒരുപക്ഷേ ആദ്യം കരുതിക്കാണുക. എന്നാൽ നസ്‍ലെനെത്തുന്ന ഓരോ സീനും ശ്രദ്ധിച്ചാലറിയാം ഒരുകൂട്ടം കുട്ടികൾക്കിടയിൽ പോലും സ്വന്തമായി പ്ലേ ചെയ്യുന്ന, ആ സീനിനെ തൻ്റേതാക്കുന്ന അയാളുടെ ചാം. 

താനും ജെയ്സനുമുള്ള ലോകത്ത് ആക്ടിവായായിരിക്കുന്ന മെൽവിനെയായിരുന്നില്ല വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ കണ്ടത്. തണ്ണീർ മത്തന് പിന്നാലെയെത്തുന്ന സിനിമയാകുമ്പോൾ തമാശ നിറഞ്ഞ കഥാപാത്രമാകാനാണല്ലോ സാധ്യത. ദുൽഖർ സൽമാൻ്റെ ഫ്ലാഷ്ബാക്ക് പറയുന്ന ഇമോഷ്ണൽ സീനിൽ നസ്‍ലെനെത്തുമ്പോൾ മെൽവിൻ്റെ ഛായയേതും ആ കഥാപാത്രത്തിനില്ല. കുരുതിയിലെ റസൂൽ എന്ന ഏറെ സങ്കീർണതകളുള്ള കഥാപാത്രം, ഹോമിലെ ചാൾസ് ഒലിവർ ട്വിസ്റ്റ്, മകളിലെ രോഹിത്, ജോ ആൻഡ് ജോയിലെ മനോജ് സുന്ദരൻ, നെയ്മറിലെ ഷിൻ്റോ അങ്ങനെ കൈ നിറയെ കഥാപാത്രങ്ങൾ.. 

കോമഡി, ഇമോഷന്‍, ആക്ഷന്‍.. സ്റ്റാർ സർക്കിൾ പൂർത്തിയാകുന്നു.. എന്തുകൊണ്ടാണ്  നസ്‌ലെൻ ഇത്ര ലൈക്കബിള്‍?

മികച്ച പ്രകടനങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടെന്നാണ് നസ്‌ലെൻ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. ഒരു അഭിനേതാവെന്ന നിലയിൽ അയാൾ സ്വയം പരുവപ്പെടുത്തി വന്നത് നമ്മൾ പ്രേക്ഷകരുടെ കണ്മുന്നിലാണ്. 2024ൽ ഗിരീഷിൻ്റെ മൂന്നാം ചിത്രമായ പ്രേമലുവിലൂടെ മലയാളത്തിലെന്ന പോലെ മറുനാടുകളിലും മറ്റ് രാജ്യങ്ങളിലും വരെ വിജയക്കുതിപ്പുണ്ടാക്കി. പ്രേമലു ബ്ലോക്ക് ബസ്റ്റർ ആയപ്പോഴും നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോഴും സേഫ് സോൺ വിട്ടൊരു പരീക്ഷണത്തിന് നസ്‍ലെന്‍ ഇത്ര പെട്ടെന്ന് മുതിരുമെന്ന് പ്രേക്ഷകർ കരുതിയിരുന്നില്ല. ഇവിടെയാണ് ഗിരീഷ് എ ഡി പറഞ്ഞ നസ്‍ലെൻ്റെ ഡിസിപ്ലിനും തെരഞ്ഞെടുപ്പും ഫാക്ടറായത്. 

‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന. ഒരു സ്പോർട്സ് കോമഡി ഴോൺറയിൽ ഒരുങ്ങുന്ന സിനിമ ഏപ്രിൽ പത്തിന് തിയേറ്ററിലെത്തും. ചിത്രത്തിനായി നസ്‌ലെൻ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ വളരെ ശ്രദ്ധ നേടിയിരുന്നു. കൂട്ടത്തിലെ ഏറ്റവും ചെറിയവനായ മെൽവിനിൽ നിന്ന് സിക്സ് പാക്ക് ബോഡിയും ബോക്സറുടെ മെയ് വഴക്കവുമെല്ലാം കൈമുതലായ ആലപ്പുഴ ജിംഖാനയിലെ ജോജോ ജോൺസണിലേയ്ക്ക് നസ്‌ലെൻ നടന്നന്നത് കഠിനാധ്വാനത്തിൻ്റെ ദൂരമാണ്. 

കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കാനായി സംസ്ഥാന തലകായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥ. ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ.. ഖാലിദ് റഹ്മാനെന്ന പ്രോമിസിങ് സംവിധായകനൊപ്പം നസ്‌ലെനെത്തുമ്പോൾ അവനതും രസമാക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

പ്രേമലുവിലെ സച്ചിൽ ചെയ്യുന്നത് അത്ര നല്ല കാര്യങ്ങളൊന്നുമല്ല. എന്നാൽ സച്ചിൻ പ്രേക്ഷകർക്ക് ലൈക്കബിൾ ആകുന്നത് നസ്‌ലെൻ ലൈക്കബിളാകുന്നത് കൊണ്ടുകൂടിയാണ്. ഒരു മൂളലോ നോട്ടമോ നടപ്പോ കൊണ്ടുപോലും പ്രേക്ഷകനെ കൈയ്യിലെടുക്കുന്ന ചാം ഉണ്ട് നസ്‌ലെന്. നസ്‌ലെൻ്റെ ചാം ആണ് താനും ഡിമാൻഡ് ചെയ്തതെന്നാണ് ഖാലിദ് റഹ്മാനും പറയുന്നത്. ഹൈദരാബാദിൽ നടന്ന പ്രേമലു സക്സസ് ഇവൻ്റിൽ പ്രേമലുവിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് നസ്‌ലെൻ ചെയ്ത കഥാപാത്രത്തെയാണെന്ന് പറഞ്ഞ എസ്എസ് രാജമൗലി അതിലൊന്ന് തനിക്ക് വേണ്ടി ചെയ്ത് കാണിക്കാമോ എന്നാണ് ചോദിച്ചത്. ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ പ്രൊമോഷനിടെ ഇൻഡസ്ട്രിയിൽ പുതിയ താരങ്ങളുണ്ടാകുന്നത് പ്രതീക്ഷയുള്ള കാര്യമാണെന്ന് പറഞ്ഞ പൃഥ്വിരാജ്, കുരുതിയിൽ അഭിനയിക്കുമ്പോഴേ നസ്‌ലെൻ സ്റ്റാറാകുമെന്ന് താൻ പറഞ്ഞിരുന്നെന്നും ഇപ്പോഴത് സത്യമായില്ലേയെന്നും ചോദിക്കുന്നുണ്ട്. അവൻ മിടുക്കനാണ്, ഭാവിയിൽ വലിയ സ്റ്റാറാകും, ഇപ്പോൾ നസ്‌ലെൻ നല്ല പോപ്പുലറായ യങ് സ്റ്റാറായി മാറിയില്ലേ…”

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി, സ്ക്രീനിലെത്തിയ സെക്കൻ്റ് ദൈർഘ്യത്തെ ഫോട്ടോയെടുത്ത് സുഹൃത്തുക്കളെ കാണിച്ച കൊടുങ്ങല്ലൂരുകാരൻ നസ്‌ലെൻ ഗഫൂർ. ഇന്ന് അവനു വേണ്ടി കൈയ്യടിക്കുകയാണ് മലയാള സിനിമ. ഗിരീഷ് എഡിയുടെ അയാം കാതലനാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നസ്‌ലെൻ ചിത്രം. പ്രേമലു 2, ദുൽഖറിൻ്റെ വേഫറർ ഫിലിംസ് നിർമ്മിച്ച് കല്യാണി പ്രിയദർശൻ നായികയാകുന്ന സിനിമ, മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ്, കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ ഒരുക്കുന്ന ചിത്രം അങ്ങനെ പുതിയ തലമുറയിൽ മലയാള സിനിമ ഏറ്റവും പ്രതീക്ഷ വയ്ക്കുന്നിടത്തേയ്ക്കാണ് നസ്‌ലെൻ്റെ വളർച്ച.

By admin