കുളപ്പുള്ളിയിലെ സിഐടിയു തൊഴിൽത൪ക്കത്തിൽ പരിഹാരമുണ്ടാക്കണം, ഈമാസം 22 ന് പാലക്കാട് ജില്ലയിൽ വ്യാപാരി ഹ൪ത്താൽ

പാലക്കാട്: കുളപ്പുള്ളിയിലെ സിഐടിയു തൊഴിൽത൪ക്കത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഈമാസം 22 ന് പാലക്കാട് ജില്ലയിൽ വ്യാപാരി ഹ൪ത്താൽ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയാണ് ഹ൪ത്താൽ പ്രഖ്യാപിച്ചത്. പ്രകാശ് സ്റ്റീൽസ് ആൻ്റ് സിമൻ്റസിലെ CITU തൊഴിൽ തർക്കത്തിൽ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് പ്രഖ്യാപനം. ഓപ്പറേറ്റരുടെ സഹായത്തോടെ യന്ത്രം ഉപയോഗിച്ച് സിമൻ്റ് ചാക്കുകൾ ഇറക്കാൻ അനുവദിക്കണമെന്ന കടയുടമയുടെ ആവശ്യം അംഗീകരിക്കണം, ഹൈക്കോടതി വിധി നടപ്പിലാക്കാൻ ലേബർ ഓഫീസർ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. 

ലേബ൪ ഓഫീസറുടെ നേതൃത്വത്തിൽ രണ്ടു തവണ നടത്തിയ ഒത്തു തീ൪പ്പ് ച൪ച്ച പരാജയപ്പെട്ടിരുന്നു. നിലവിൽ സിമന്‍റ്  ലോഡ് ഇറക്കാൻ CITU അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്ഉടമ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണ്. അതേസമയം സിഐടിയു കടയ്ക്ക് മുന്നിൽ നടത്തുന്ന കുടിൽകെട്ടി സമരം 22-ാം ദിവസത്തിലേക്ക് കടന്നു.  കയറ്റിറക്ക് യന്ത്രം പ്രവർത്തിപ്പിക്കാൻ 5 തൊഴിലാളികളെ വെക്കണമെന്നാണ് CITU ആവശ്യം. മൂന്നു മാസം മുമ്പ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതോടെയാണ് തർക്കം തുടങ്ങിയത്.
 

By admin