നഴ്സിംഗ് ഹോമിന്റെ ഏഴടി ഗേറ്റ് ചാടിക്കടന്ന് 92 -കാരി, മുത്തശ്ശിയുടെ കഴിവ് അപാരം തന്നെ എന്ന് സോഷ്യൽ മീഡിയ
സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ഒരു മുത്തശ്ശി വൈറലായിരിക്കുകയാണ്. ഷാൻഡോങ് പ്രവിശ്യയിലെ യാന്റായി സിറ്റിയിലുള്ള ഒരു നഴ്സിംഗ് ഹോമിന്റെ ഗേറ്റ് ചാടിക്കടന്ന് പുറത്തേക്ക് പോകുന്ന 92 -കാരിയെയാണ് വീഡിയോയിൽ കാണാനാവുന്നത്. രണ്ട് മീറ്റർ ഉയരം വരുന്ന ഗേറ്റിൽ നിന്നും ഇവർ ചാടി പുറത്തേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സംഭവം നടന്നത് കഴിഞ്ഞ ജൂലൈ നാലിനാണ്. അന്ന് ചൈനയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ വെയ്ബോയിൽ വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ 92 -കാരി അനായാസേന ഗേറ്റ് ചാടിക്കടന്ന് അപ്പുറം പോകുന്നത് കാണാം. വെറും 24 സെക്കന്റിനുള്ളിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്.
എന്നാൽ, അതേസമയം യാന്റായി നഗരത്തിലുള്ള പ്രസ്തുത നഴ്സിംഗ് ഹോമിന്റെ ഡയറക്ടർ ചൈനീസ് പത്രമായ ദി പേപ്പറിനോട് പറഞ്ഞത് ഈ മുത്തശ്ശിക്ക് അൽഷിമേഴ്സ് ഉണ്ടെന്നാണ്. മാത്രമല്ല, 25 മിനിറ്റിന് ശേഷം പരിക്കുകളൊന്നും കൂടാതെ ഇവരെ ഇതിന്റെ സമീപത്ത് വച്ചുതന്നെ നഴ്സിംഗ് ഹോമിലെ ജീവനക്കാർ കണ്ടെത്തി എന്നും അദ്ദേഹം പറഞ്ഞു.
ഇവർക്ക് അൾഷിമേഴ്സ് ഉണ്ട്. എന്നാൽ, വ്യായാമം ചെയ്യാനും എന്തിലെങ്കിലും ചാടിക്കയറാനും ചാടിക്കടക്കാനും ഒക്കെ അവർക്ക് വലിയ താല്പര്യമാണ് എന്നും നഴ്സിംഗ് ഹോമിന്റെ ഡയറക്ടർ പറയുന്നു.
92 year old woman climbed 2m high gate to escape a nursing home in China pic.twitter.com/POZVWGPfXC
— Women Posting W’s (@womenpostingws) July 19, 2024
എന്തായാലും, വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തുന്നത്. മുത്തശ്ശിയുടെ ഈ കഴിവിനെ കുറിച്ചാണ് എല്ലാവരും പറയുന്നത്. യുവാക്കൾക്ക് പോലും ഇത് ചെയ്യാൻ അല്പം പാടാണ്. മുത്തശ്ശി എത്ര അനായാസമായിട്ടാണ് ഇത് ചെയ്യുന്നത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.