തൂവാല മുതൽ ഫർണിച്ചർ സെറ്റ് വരെ, 1993 -ൽ ആന്റിയുടെ വിവാഹത്തിന്റെ സ്ത്രീധനമാണ്, വൈറലായി പോസ്റ്റ്
ഇന്ത്യയിൽ നിയമപ്രകാരം സ്ത്രീധനം നിരോധിച്ചിരിക്കുകയാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും എല്ലാം കുറ്റമാണ്. ഇങ്ങനെ ഒക്കെ പറയുമെങ്കിലും എല്ലാ കാലത്തും ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയിൽ സ്ത്രീധനം നൽകുന്നും വാങ്ങുന്നുമുണ്ട്. അതിന്റെ പേരിലുണ്ടാകുന്ന കലഹങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും നാം കണ്ടിട്ടുണ്ടാവും. എന്തായാലും, 1993 -ൽ തന്റെ ആന്റിയുടെ വിവാഹത്തിന് സ്ത്രീധനം നൽകേണ്ടിവന്ന സാധനങ്ങളുടെ ലിസ്റ്റാണ് ഇപ്പോൾ ഒരു യൂസർ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്.
1993 -ലായിരുന്നു ആന്റിയുടെ വിവാഹം എന്നാണ് പറയുന്നത്. നാല് പേജ് വരുന്ന ലിസ്റ്റാണ് റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. അതിൽ അത്ര പ്രാധാന്യമൊന്നും തോന്നാത്ത വില കുറഞ്ഞ സാധനങ്ങൾ മുതൽ വില കൂടിയ ഫർണിച്ചർ സെറ്റുകൾ വരെ പെടുന്നു.
സ്ത്രീധനം നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നത് 1961 -ലാണ് എന്നിട്ടും 1993 -ലും 2025 -ലും ഒളിഞ്ഞും തെളിഞ്ഞും എല്ലാം സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയത്. സ്ത്രീധനത്തെ കുറിച്ച് ചർച്ച ഉയരുന്നതിന് ഈ പോസ്റ്റ് കാരണമായി തീർന്നിട്ടുണ്ട്.
ഹാൻഡ് കർച്ചീഫ് മുതൽ ഫർണിച്ചർ സെറ്റ് വരെയാണ് പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ കാണുന്നത്. സ്ത്രീധനം എങ്ങനെയാണ് അന്നും ഇന്നും സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നത് എന്നത് ആളുകളെ അമ്പരപ്പിച്ചു. ഈ ചിത്രത്തിന്റെ ആധികാരികതയെ കുറിച്ച് ഉറപ്പില്ലെങ്കിലും സ്ത്രീധനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഈ പോസ്റ്റ് കാരണമായി തീർന്നിട്ടുണ്ട്.
സ്ത്രീധന പ്രശ്നം എത്രമാത്രം മോശപ്പെട്ട ഒന്നാണെന്ന് ആളുകൾ മറക്കുന്നു (അത് ഇപ്പോഴും തുടരുന്നു). 80 -കളിലും 90 -കളിലും എല്ലാം വരന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ വധുക്കളെ ജീവനോടെ ചുട്ടുകൊന്നിരുന്നു എന്നാണ് ഒരാൾ കമന്റ് നൽകിയത്.
(ചിത്രം പ്രതീകാത്മകം)