വസ്ത്രങ്ങളഴിച്ചുമാറ്റാൻ പറഞ്ഞു, പരിശോധിച്ചത് പുരുഷ ഉദ്യോ​ഗസ്ഥൻ, യുഎസ് എയർപോർട്ടില്‍ ഇന്ത്യൻ സംരംഭകയെ തടഞ്ഞു

യുഎസ് എയർപോർട്ടിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ഇന്ത്യൻ സംരംഭകയായ യുവതി. എക്സ് പോസ്റ്റിലാണ് വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ശ്രുതി ചതുർവേദി വിവരിച്ചത്. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി. 

എട്ട് മണിക്കൂർ തന്നെ എയർപോർട്ടിൽ തടഞ്ഞുവച്ചു എന്നും പുരുഷനായ ഉദ്യോ​ഗസ്ഥൻ തന്റെ ദേഹപരിശോധന നടത്തി എന്നുമാണ് ശ്രുതി തന്റെ പോസ്റ്റിൽ ആരോപിക്കുന്നത്. പുരുഷ ഉദ്യോ​ഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയത്. അത് ക്യാമറയിൽ പകർത്തുകയും ചെയ്തു. തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവർ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ പോകാൻ പോലും അവർ അനുവദിച്ചില്ല. പൊലീസും എഫ്ബിഐയും തന്നെ ചോദ്യം ചെയ്തു. ആ സമയം ഒരു ഫോൺ കോളിന് പോലും തന്നെ അവർ അനുവദിച്ചിരുന്നില്ല എന്നും ശ്രുതി ആരോപിക്കുന്നു. 

ശ്രുതിയുടെ ബാ​ഗിൽ കണ്ട ഒരു പവർബാങ്ക് സംശയാസ്പദമാണ് എന്ന് കാണിച്ചാണത്രെ എയർപോർട്ടിൽ ഈ പരിശോധനകൾ എല്ലാം നടത്തിയതും ഇവരെ തടഞ്ഞുവച്ചതും. സങ്കല്പിക്കാൻ പോലും ആവാത്തതത്രയും മോശപ്പെട്ട 7 മണിക്കൂർ എന്നാണ് എയർപോർട്ടിൽ ചെലവഴിക്കേണ്ടി വന്ന സമയത്തെ കുറിച്ച് ശ്ുരതി തന്റെ പോസ്റ്റിൽ പറയുന്നത്. 

അലാസ്കയിലെ അങ്കറേജ് എയർപോർട്ടിലാണ് സംഭവം നടന്നത് എന്നും ശ്രുതി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, അവർക്ക് പോകേണ്ടിയിരുന്ന വിമാനത്തിന് പോകാൻ സാധിച്ചില്ല എന്നും പോസ്റ്റിൽ ശ്രുതി പറയുന്നു. പോസ്റ്റിൽ വിദേശകാര്യമന്ത്രാലയത്തേയും ശ്രുതി ചതുർവേദി ടാ​ഗ് ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin