ന്യൂഡൽഹി: പുതിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ച് ബി.ജെ.പി നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാർ. എം.എ. ബേബി ആരാണെന്നറിയാൻ ഗൂഗ്ളിൽ സെർച്ച് ചെയ്ത് നോക്കുമെന്നായിരുന്നു ബിപ്ലവ് കുമാറിന്‍റെ പരിഹാസം.
നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവ് സി.പി.എമ്മിനില്ല. വിദ്യാഭ്യാസം മാത്രമല്ല ദേശീയ തലത്തിൽ ഒരു നേതാവിനെ തീരുമാനിക്കുന്നത്. മുൻ മുഖ്യമന്ത്രിയും എം.പിയുമായ തനിക്ക് എം.എ. ബേബിയെ അറിയില്ല. എം.എ. ബേബി ആരാണെന്ന് ഗൂഗ്ൾ ചെയ്ത് നോക്കേണ്ടി വരും.
പാർട്ടിയുടെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളെ തനിക്ക് പോലും വ്യക്തിപരമായി അറിയില്ല. കേരളത്തിൽ നിന്നുള്ള ആളാണെന്ന് കേട്ടിരുന്നു. അദ്ദേഹത്തെ തനിക്കറിയില്ലെന്നും ഗൂഗ്ളിൽ പരിശോധിക്കുമെന്നും ബിപ്ലവ് കുമാർ വ്യക്തമാക്കി.
ത്രിപുര തലസ്ഥാനമായ അഗർത്തലയിൽ വച്ചാണ് എം.എ. ബേബിയെ സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ കുറിച്ച് ബിപ്ലവ് കുമാറിനോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. ബിപ്ലവ് കുമാർ നൽകിയ മറുപടിയിലാണ് എം.എ. ബേബിയെ പരിഹസിക്കുന്ന പരാമർശമുള്ളത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് വർഷങ്ങളായി സി.പി.എം ഭരിച്ചിരുന്ന ത്രിപുരയിൽ ബി.ജെ.പി അട്ടിമറി വിജയം നേടി അധികാരം പിടിച്ചത്. തുടർന്ന് 2023ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരം നിലനിർത്തി. തെരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയ സി.പി.എം ആണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടി.
തമിഴ്നാട്ടിലെ മധുരയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിലാണ് എം.എ. ബേബിയെ സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2012ലെ ​കോ​ഴി​ക്കോ​ട് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പൊളിറ്റ് ബ്യൂറോ അം​ഗ​മാ​യ എം.എ. ബേബി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.
അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിൻഗാമിയായാണ് എം.എ. ബേബി ജനറൽ സെക്രട്ടറി പദവിയിലെത്തിയത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ. ബേബി. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്.. കൊല്ലം പ്രാക്കുളത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടേയും എട്ടു മക്കളില്‍ ഇളയവനാണ് എം.എ. ബേബി.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *