സാറ്റ്ലൈറ്റ് ജാംമിംഗ് കൂടി വരുന്നു; വിമാനങ്ങള്‍ക്ക് വരെ കനത്ത ഭീഷണി, ആ അപകടത്തിന് മുമ്പും ജിപിഎസ് തകരാര്‍
ലണ്ടന്‍: സാറ്റ്ലൈറ്റ് ടിവി പ്രക്ഷേപണ ഹൈജാക്കിംഗ് മുതൽ സാറ്റ്ലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളുടെ ജാമിംഗും സ്പൂഫിംഗും ഉൾപ്പെടെ ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇത് നിയന്ത്രിക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ വിദഗ്ധർ ശ്രമിക്കുകയാണെന്നും സ്പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 25ന് ചെച്നിയൻ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് പോയ അസർബൈജാനി വിമാനം കസാക്കിസ്ഥാനിൽ ക്രാഷ് ലാൻഡ് ചെയ്തിരുന്നു. യുക്രൈനിയന്‍ ഡ്രോണുകളെ ലക്ഷ്യം വച്ചുള്ള റഷ്യൻ ഷ്രാപ്പ്നെൽ ഈ വിമാനത്തിൽ ഇടിച്ചതായി പിന്നീട് റിപ്പോർട്ടുകൾ വന്നു. 38 പേരുടെ മരണത്തിനാണ് ഈ സംഭവം കാരണമായത്. എന്നാല്‍ അതിനും മുമ്പേ വിമാനത്തിന് ജാമിംഗ് കാരണം ജിപിഎസ് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വ്യോമയാന മേഖലയില്‍ കടന്ന ശേഷമായിരുന്നു ഈ സാങ്കേതിക പ്രശ്നമുണ്ടായത്. വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തിൽ അസർബൈജാനോട് റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിൻ ക്ഷമാപണം നടത്തിയിരുന്നു. ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിൻ സമ്മതിച്ചില്ല.
ഈ സംഭവം ഭയപ്പെടുത്തുന്ന ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്നാണ് സ്വിറ്റ്സർലൻഡിലെ ETH സൂറിച്ചിലെ സൈബർ സുരക്ഷാ ഗവേഷകയായ ക്ലെമെൻസ് പൊയ്റിയർ സ്പേസ് ഡോട്ട് കോമിനോട് പറഞ്ഞത് . 2024-ൽ ഏകദേശം 310,000 വിമാനങ്ങളെ ജിപിഎസ് ഇടപെടൽ ബാധിച്ചു. ഇതിൽ മിക്ക സംഭവങ്ങളും റഷ്യയിലും മിഡിൽ ഈസ്റ്റിലും ആണ് സംഭവിച്ചത്. ജിപിഎസ് ഇടപെടൽ മൂലം 2024-ൽ എസ്റ്റോണിയയിലെ ടാർട്ടു വിമാനത്താവളത്തിലേക്കുള്ള സിവിലിയൻ വിമാനങ്ങൾ മാസങ്ങളോളം നിർത്തിവച്ചിരുന്നു. ഈ വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങൾക്ക് സുരക്ഷിതമായി ഇറങ്ങാൻ ജിപിഎസ് ഇടപെടലുകൾ തടസമായതായിരുന്നു ഇതിന് കാരണം.
ഇതേതുടർന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ഇടപെട്ടിരുന്നു. വ്യോമയാന, സമുദ്ര, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിൽ തടസങ്ങൾ ഒഴിവാക്കാനും നിർണായക ഫ്രീക്വൻസി ബാൻഡുകളുടെ സംരക്ഷണം വർദ്ധിപ്പിക്കാനും അധികൃതരോട് ആവശ്യപ്പെട്ടു. റേഡിയോ നാവിഗേഷൻ സാറ്റ്ലൈറ്റ് സർവീസ് ഇടപെടൽ വിമാന സർവ്വീസുകളെ സാരമായി ബാധിക്കും എന്നും ഇത് വിമാനങ്ങൾക്ക് അപകടസാധ്യതകൾ സൃഷ്ടിക്കും എന്നും ഐസിഎഒ സെക്രട്ടറി ജനറൽ ജുവാൻ കാർലോസ് സലാസർ പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള വ്യോമയാന സുരക്ഷാ ചട്ടക്കൂടുകളും മാനദണ്ഡങ്ങളും ഉപയോഗിച്ച് ഈ സംരക്ഷണ നടപടികൾ നടപ്പിലാക്കുന്നതിന് ഐസിഎഒ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും (ITU) യുഎൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും (IMO) വിമാന സർവ്വീസുകൾക്ക് നേരിടുന്ന തടസങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം വിമാന സർവ്വീസുകളെ ബാധിക്കുന്ന ജിപിഎസ് സ്പൂഫിംഗ് സംഭവങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 400% വർധിച്ചതായി ഏവിയേഷൻ പ്രൊഫഷണലുകളുടെ സംഘടനയായ ഒപിഎസ് ഗ്രൂപ്പ് കഴിഞ്ഞ വർഷം ചൂണ്ടിക്കാട്ടിയിരുന്നു. 2021ലെ പ്രതിദിന ശരാശരി 200 വിമാനങ്ങളെ അപേക്ഷിച്ച് 2024ൽ പ്രതിദിനം 1,350 വിമാനങ്ങളെ വരെ ബാധിച്ചു എന്നാണ് കണക്കുകൾ. യുകെ ബഹിരാകാശ ഏജൻസിയുടെ 2023ലെ റിപ്പോർട്ട് കണക്കാക്കുന്നത് ഏഴ് ദിവസത്തെ ജിഎൻഎസ്എസ് തടസം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഏകദേശം 7.6 ബില്യൺ പൗണ്ട് (നിലവിലെ വിനിമയ നിരക്കിൽ ഏകദേശം 9.8 ബില്യൺ യുഎസ് ഡോളർ) നഷ്ടം ഉണ്ടാക്കുമെന്നാണ്. ഇത് സമുദ്ര, വ്യോമയാന, റോഡ് ഗതാഗതം, കൃഷി, ഊർജ്ജം, ധനകാര്യം തുടങ്ങിയ മേഖലകളെയും ബാധിക്കും.
എന്നാൽ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളിൽ, തടസങ്ങൾക്ക് സാധ്യതയുള്ള സേവനം സാറ്റലൈറ്റ് നാവിഗേഷൻ മാത്രമല്ലെന്ന് പൊയ്റർ സ്പേസ്.കോമിനോട് പറഞ്ഞു. ഫ്രഞ്ച് സാറ്റ്കോം ദാതാവായ യൂട്ടെൽസാറ്റിന്റെ ജിയോസ്റ്റേഷണറി ഉപഗ്രഹങ്ങൾ വഴി യൂറോപ്പിൽ ഉടനീളം പ്രക്ഷേപണം ചെയ്തിരുന്ന വാൾട്ട് ഡിസ്നി ബേബി ടിവി ചാനൽ 2024 ഏപ്രിലിൽ റഷ്യൻ ഹാക്കർമാർ ഹൈജാക്ക് ചെയ്തിരുന്നു. ഇതേത്തുടർന്ന് പതിവ് കാർട്ടൂണുകൾക്ക് പകരം, റഷ്യൻ ദേശീയവാദിയായ ഗായകൻ ഒലെഗ് ഗാസ്മാനോവിന്റെ സംഗീതവും റഷ്യൻ സൈനിക പരേഡുകളുടെ ദൃശ്യങ്ങളും ചാനൽ സംപ്രേഷണം ചെയ്യാൻ തുടങ്ങി. ഉക്രെയിനിലെ ഒന്നിലധികം സാറ്റ്ലൈറ്റ് ടിവി ചാനലുകളും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
അതിനുശേഷം, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ഉക്രെയ്ൻ, ഫിൻലാൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങൾ യൂറോപ്യൻ ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളിൽ റഷ്യയുടെ ഇടപെടലിനെതിരെ ഐടിയുവിൽ പരാതി നൽകി. ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പുതിയകാലത്ത് തങ്ങളുടെ സേവനങ്ങൾ സുരക്ഷിതമാക്കാൻ സാറ്റ്ലൈറ്റ് ഓപ്പറേറ്റർമാർ കൂടുതൽ പരിശ്രമിക്കേണ്ടിവരുമെന്നും പോറിയർ പറയുന്നു.
NB: വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സാങ്കല്പ്പികം