ഹ്യുണ്ടായിയുടെ ഇവി പദ്ധതികൾ: പുതിയ മോഡലുകൾ വരുന്നു!

നിലവിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ (അയോണിക് 5, ക്രെറ്റ ഇലക്ട്രിക്) പുറത്തിറക്കുന്ന ഹ്യുണ്ടായി മോട്ടോർ ഇന്ത്യ, ഭാവിയിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (BEV) വിപണിയിൽ വലിയ തോതിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. അടുത്ത നാലുമുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് വാഹന വിഭാഗം 12 മുതൽ13 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഒഒയുമായ തരുൺ ഗാർഗ് പറഞ്ഞു.

ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനൊപ്പം സപ്ലൈ ചെയിൻ ലോക്കലൈസേഷനും മൂന്ന് പുതിയ ബിഇവികൾ പുറത്തിറക്കാൻ ഹ്യുണ്ടായി പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബാറ്ററി പായ്ക്കുകൾ, സെല്ലുകൾ, ഡ്രൈവ്‌ട്രെയിനുകൾ, പവർ ഇലക്ട്രോണിക്‌സ് എന്നിവയുടെ പ്രാദേശിക ഉൽപ്പാദനം വരാനിരിക്കുന്ന ഇലക്ട്രിക് മോഡലുകൾക്ക് മത്സരാധിഷ്ഠിത വില കൈവരിക്കാൻ കമ്പനിയെ സഹായിക്കും. ഇവി ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ച് പറയുമ്പോൾ, അടുത്ത ഏഴ് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി 600 പൊതു ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

അതേസമയം വരാനിരിക്കുന്ന ഹ്യുണ്ടായി ഇലക്ട്രിക് കാറുകളുടെ പേരും വിശദാംശങ്ങളും ഇപ്പോഴും രഹസ്യമാണ്. എങ്കിലും ഹ്യുണ്ടായി ഇൻസ്റ്റർ ഇവി, വെന്യു ഇവി, ഗ്രാൻഡ് ഐ10 നിയോസ് ഇവി എന്നിവ ഈ ശ്രേണിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഹ്യുണ്ടായി ഇൻസ്റ്റർ ഇവി ഇതിനകം വിൽപ്പനയിലുണ്ട്. ഇന്ത്യയിൽ ഇത് ടാറ്റ പഞ്ച് ഇവിയെ നേരിടും. ആഗോളതലത്തിൽ ഇൻസ്റ്റർ ഇവി സ്റ്റാൻഡേർഡ് 42kWh, ലോംഗ്-റേഞ്ച് 49kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ യഥാക്രമം 300km ഉം 355km ഉം ഡബ്ല്യുഎൽടിപി റേറ്റ് ചെയ്‍ത റേഞ്ച് നൽകുന്നു. ഹ്യുണ്ടായിയുടെ പുതിയ ടാറ്റ പഞ്ച് ഇവി എതിരാളിയായ എസ്‌യുവി 2026 ന്റെ രണ്ടാം പകുതിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ടിയാഗോ ഇവിയെയും ടാറ്റ നെക്‌സോൺ ഇവിയെയും വെല്ലുവിളിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് ഗ്രാൻഡ് i10 ഹാച്ച്ബാക്കും വെന്യുവും പുറത്തിറക്കുന്നത് പരിഗണിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  2025 വെന്യുവിലും 2027 (ഗ്രാൻഡ് i10 നിയോസിലും ഒരു തലമുറ മാറ്റം ലഭിക്കും. പുതിയ തലേഗാവ് നിർമ്മാണ പ്ലാന്റ് പുറത്തിറക്കുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡൽ ആയിരിക്കും പുതിയ വെന്യു. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഈ ഉൽ‌പാദന സൗകര്യം പ്രവർത്തനക്ഷമമായേക്കാം എന്നാണ് റിപ്പോർട്ടുകൾ.

By admin