ഇത് ഇന്ത്യയല്ലെന്ന് തോന്നിപ്പോകും, ഒട്ടും അതിശയോക്തിയില്ല! തുടര്‍ച്ചായി 8-ാം വര്‍ഷവും ഏറ്റവും ശുചിത്വ നഗരം
രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് തുടര്‍ച്ചായി എട്ടാ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട് ഇൻഡോർ. ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമുള്ള വലിയൊരു നഗരസഭാ മുന്നേറ്റത്തിന്‍റെ ഫലമായാണ് ഈ ബഹുമതി നഗരത്തെ തേടി വീണ്ടും എത്തിയത്. ഇന്ത്യയിലെ മറ്റ് പല നഗരങ്ങളെയും പോലെ ചപ്പുചവറുകൾ നിറഞ്ഞ ഇൻഡോറിനെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ഇന്നത്തെ നിലയിലേക്ക് മാറ്റിയതെന്നാണ് നാട് ഒരേ സ്വരത്തിൽ പറയുന്നത്.
നിങ്ങൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുമ്പോൾ, ഇത് ഇന്ത്യയിലല്ലെന്ന് തോന്നും, അത്രയും ശുദ്ധമാണ് ഇവിടമെന്ന് ജോലി സംബന്ധമായി ഇൻഡോറിൽ പതിവായി യാത്ര ചെയ്യുന്ന കോർപ്പറേറ്റ് എക്സിക്യൂട്ടീവായ നിതീഷ അഗർവാൾ പറഞ്ഞു. മാലിന്യത്തിന്‍റെ കാര്യം വരുമ്പോൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകൾ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
അങ്ങനെ നോക്കുമ്പോൾ ഇത് ഇന്ത്യയല്ല എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നാണ് അഭിപ്രായങ്ങൾ. എന്നാല്‍, ഒരുകാലത്ത് ഇൻഡോര്‍ ഇങ്ങനെ ഒന്നും അല്ലായിരുന്നു. നായ്ക്കളും പന്നികളും പശുക്കളും റോഡരികിലെ ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങളിൽ പരതി നടക്കുകയും കാറുകളിൽ നിന്ന് മാലിന്യം തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്ന ഒരു കാലം ഇൻഡോറിന് ഉണ്ടായിരുന്നു.
ഇപ്പോൾ, 850 തൊഴിലാളികളുടെ ഒരു സംഘം എല്ലാ രാത്രിയിലും നഗരം വൃത്തിയാക്കുന്നു. ഒരു ഐസ്ക്രീം വാൻ പോലെ തോന്നിപ്പിക്കുന്ന മാലിന്യ ട്രക്കുകൾ ഓരോ പ്രദേശത്തുകൂടിയും സഞ്ചരിക്കുന്നു. ഇലക്ട്രോണിക്, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര, ബയോമെഡിക്കൽ/അപകടകരമായ മാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് എത്തിക്കാനുള്ള അറിയിപ്പുമായാണ് ഈ വാൻ എത്തുന്നത്.
ഓരോ ട്രക്കും കൃത്യമായി പോകുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ നഗരത്തിലെ ടെക് ജീവനക്കാരുടെ ഒരു സംഘം ജിപിഎസ് ഉപയോഗിച്ച് ഇത് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ചെറുതും ആളൊഴിഞ്ഞതുമായ തെരുവുകളിൽ പോലും എല്ലാ നിറത്തിലുമുള്ള ചവറ്റുകുട്ടകൾ കാണാം. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ശേഖരിച്ച മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുകയോ, കമ്പോസ്റ്റ് ചെയ്യുകയോ, ഇന്ധനമാക്കി മാറ്റുകയോ ചെയ്യും. ചില റെസ്റ്റോറന്‍റുകൾ സ്വന്തമായി കമ്പോസ്റ്റിംഗ് സംവിധാനം പോലും സജ്ജമാക്കിയിട്ടുണ്ട്. ഇൻഡോറിനുണ്ടായ അതിശയകരമായ മാറ്റം ഇങ്ങനെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഉണ്ടായതാണ്. ഏറ്റവും വലിയ അംഗീകാരം അർഹിക്കുന്നത് ഇൻഡോറിലെ ജനങ്ങളാണ്. കാരണം അവരുടെ പൗരബോധവും ഉത്സാഹവും നാടിന്‍റെ തല ഉയര്‍ന്ന് നില്‍ക്കുന്നതിൽ നിര്‍ണായകമായി.