രണ്ടാം തിങ്കളാഴ്ച കളക്ഷനില്‍ 54.54 ശതമാനം ഇടിവ്: പക്ഷെ നാഴികകല്ല് പിന്നിട്ട് എമ്പുരാന്‍റെ കുതിപ്പ് !
കൊച്ചി: മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ പന്ത്രണ്ടാം ദിവസം ഇന്ത്യന്‍ ആഭ്യന്തര ബോക്സോഫീസില്‍ വന്‍ നേട്ടത്തില്‍ എത്തി. രണ്ടാമത്തെ തിങ്കളാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ ആദ്യമായി ഒരു കോടിയിലേക്ക് താഴ്ന്നെങ്കിലും ഗംഭീരനേട്ടമാണ് ചിത്രം നേടിയത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ കേരള കളക്ഷന്‍ മാത്രം 80 കോടി നേടിയെന്ന് ആണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ചിത്രം പന്ത്രണ്ട് ദിനങ്ങള്‍ തീയറ്ററില്‍ പിന്നിട്ടപ്പോള്‍ രണ്ടാം തിങ്കളാഴ്ച 1.75 കോടിയാണ് നേടിയത്. ആദ്യമായാണ് ചിത്രത്തിന്‍റെ കളക്ഷന്‍ 1 കോടിയിലേക്ക് താഴുന്നത്. ഇത് ആദ്യ കണക്കാണ് എങ്കിലും രണ്ടാം ഞായറാഴ്ച ചിത്രം എല്ലാ ഭാഷകളിലും കൂടി ഇന്ത്യയില്‍ നിന്നും നേടിയ 3.85 കോടിയാണ്. അതിനാല്‍ തന്നെ 54.54 ശതമാനം ഇടിവാണ് ആഭ്യന്തര കളക്ഷനില്‍ ചിത്രത്തിന് ഉണ്ടായത്.
എങ്കിലും മൊത്തം ചിത്രത്തിന്‍റെ ആഭ്യന്തര ബോക്സോഫീസിലെ കളക്ഷന്‍ 100.10 കോടി ആയിരിക്കുകയാണ്. ഇന്ത്യയിലെ മാത്രം കളക്ഷനില്‍ അപൂര്‍വ്വമായി മാത്രമാണ് മലയാള ചിത്രം 100 കോടി ക്ലബില്‍ എത്താറുള്ളത്. അതിനാല്‍ തന്നെ വന്‍ നേട്ടമാണ് ചിത്രം നേടിയിരിക്കുന്നത്.
ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ച മലയാള ചിത്രമായി എമ്പുരാന്‍. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും നേടിയിട്ടുണ്ട്.
നേരത്തെ ചിത്രം ആഗോളതലത്തില്‍ 250 കോടി നേടിയെന്ന് നിര്‍മ്മാതാക്കളായ ആശീര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ 100 കോടി ഷെയര്‍ ലഭിച്ച ആദ്യത്തെ മലയാള ചിത്രം എന്ന റെക്കോഡും എമ്പുരാന്‍ നേടിയിരുന്നു.
എമ്പുരാന്‍ 12 ദിവസത്തെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ ( അവലംബം – സാക്നില്‍.കോം)
ഡേ 1 – 21 കോടി
ഡേ 2- 11.1 കോടി
ഡേ 3- 13.25 കോടി
ഡേ 4- 13.65 കോടി
ഡേ 5- 11.15 കോടി
ഡേ 6- 8.55 കോടി
ഡേ 7- 5.65 കോടി
ഡേ 8- 3.9 കോടി
ഡേ 9- 2.9 കോടി
ഡേ 10- 3.35 കോടി
ഡേ 11 – 3.85 കോടി
ഡേ 12- 1.75 കോടി
ഈ ‘100 കോടി ക്ലബ്ബ്’ മലയാളത്തില്‍ ആദ്യം! ബാഹുബലിയുടെയും കെജിഎഫിന്‍റെയും വഴിയേ എമ്പുരാന്‍