ഐപിഎല്‍ മികവ്: ആ സ്പിന്നര്‍ ഇന്ത്യന്‍ ടീമിലെത്തിയാല്‍ അത് ഗംഭീരം, ശക്തമായി വാദിച്ച് അമ്പാട്ടി റായുഡു
ഹൈദരാബാദ്: ഐപിഎല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി തിളങ്ങുന്ന ഇടംകൈയന്‍ സ്പിന്നര്‍ രവിശ്രീനിവാസന്‍ സായ് കിഷോറിനെ ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യവുമായി മുന്‍ ബാറ്റര്‍ അമ്പാട്ടി റായുഡു. മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ മൂന്ന് ടി20കള്‍ സായ് കിഷോര്‍ കളിച്ചിട്ടുണ്ടെങ്കിലും അത് 2023 ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമിനൊപ്പമായിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ മറ്റേത് സ്പിന്നറെയും പോലെ സീനിയര്‍ ടീമില്‍ കളിക്കാനുള്ള യോഗ്യത സായ് കിഷോറിനുള്ളതെന്ന് റായുഡു വാദിക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാന്‍ സായ് കിഷോറിന് അവസരം ലഭിച്ചാല്‍ അത് ഗംഭീരമായിരിക്കും എന്ന് അമ്പാട്ടി റായുഡു കൂട്ടിച്ചേര്‍ത്തു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ സായ് കിഷോര്‍ നാലോവറില്‍ 24 റണ്ണിന് രണ്ട് വിക്കറ്റ് നേടിയിരുന്നു. മത്സരം ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. കൂറ്റനടിക്കാരായ ഹെന്റിച്ച് ക്ലാസന്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയാണ് സായ് കിഷോര്‍ പുറത്താക്കിയത്. ഇതില്‍ ക്ലാസന്റെ വിക്കറ്റിന് ശേഷം വലിയ ആഹ്ളാദം സായ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനേക്കുറിച്ചും അമ്പാട്ടി റായുഡുവിന് പറയാനുണ്ട്.
വളരെ അപൂര്‍വമായി മാത്രമേ സായ് കിഷോര്‍ വിക്കറ്റാഘോഷം നടത്താറുള്ളൂ. അതിനാല്‍ ക്ലാസന്റെ വിക്കറ്റെടുത്ത ശേഷം എന്തുകൊണ്ട് സായ് ആഹ്ളാദം നടത്തി എന്ന് എനിക്കറിയാം. ക്ലാസന്റെ വിക്കറ്റിനായി അദേഹം പദ്ധതിയിട്ടിരുന്നു. ക്ലാസന് പിക്ക്-അപ് ഷോട്ട് കളിക്കുമെന്ന് ഉറപ്പായതിനാല്‍ ക്വിക്കര്‍ എറിയുകയായിരുന്നു സായ് കിഷോര്‍. ഓരോ മത്സരം കഴിയുമ്പോഴും സായ് മികവ് വര്‍ധിപ്പിക്കുകയാണ്. വളരെ കഠിനാധ്വാനം ചെയ്യുന്ന താരം. പരിശീലനത്തിന് ആദ്യമിറങ്ങുകയും അവസാനം പോവുകയും ചെയ്യുന്ന താരം. എല്ലാ ബാറ്റര്‍മാര്‍ക്കെതിരെയും പന്തെറിഞ്ഞ് ശീലിക്കും, അവരില്‍ നിന്ന് പ്രതികരണങ്ങള്‍ ആരായും, അങ്ങനെ എന്നും പഠിച്ചുകൊണ്ടേയിരിക്കുന്ന സ്പിന്നറാണ് സായ് കിഷോര്‍ എന്നും അമ്പാട്ടി റായുഡു കൂട്ടിച്ചേര്‍ത്തു. മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റായുഡുവും സായും ഒന്നിച്ച് കളിച്ചിട്ടുണ്ട്.
ഐപിഎല്‍ 2025 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ബൗളറാണ് രവിശ്രീനിവാസന്‍ സായ് കിഷോര്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ നാല് കളികളിലായി 16 ഓവറും പൂര്‍ത്തിയാക്കിയ താരം 8 വിക്കറ്റ് പേരിലാക്കി. 7.06 ഇക്കോണമിയിലാണ് താരത്തിന്റെ ബൗളിംഗ്. ടി20 കരിയറിലാകെ 74 മത്സരങ്ങളില്‍ 5.98 എന്ന അതിശയ ഇക്കണോമി സായ് കിഷോറിനുണ്ട്.