യുകെയില്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പള്ളിയില്‍ ‘ഗുസ്തി’; ആളുകൂടുന്നെന്ന് റിപ്പോര്‍ട്ട്

വികസ്വര, മൂന്നാം ലോക രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളില്‍ ജനങ്ങൾക്ക് മതപരമായ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. യൂകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയത്. ഇതോടെ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളിലേക്ക് വിശ്വാസികളെത്താതെയായി. വിശ്വാസികൾ വരാതായതോടെ പള്ളികളിലെ വരുമാനം കുറഞ്ഞു. പല പള്ളികളും നൈറ്റ് ക്ലബുകളായി മാറി. ഇതിനിടെയാണ് ഗുസ്തിയെയും ക്രിസ്തുവിനെയും ഒരു പോലെ വിശ്വസിക്കുന്ന 37 -കാരനായ കരിസ്മാറ്റിക് വ്യക്തിയായ ഗേരേത്ത് തോംപ്സണ്‍ പുതിയൊരു പള്ളി തുടങ്ങിയത്. റെസ്‍ലിംഗ് ചര്‍ച്ച്. 

വടക്കന്‍ ഇംഗ്ലണ്ടിലെ ഷിപ്ലി നഗരത്തിലെ സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഇന്നത്തെ റെസ്‍ലിംഗ് ചര്‍ച്ച്. പ്രൊഫഷണല്‍ റെസ്‍ലിംഗും യേശുവുമാണ് തന്നെ രക്ഷിച്ചതെന്നാണ് പാസ്റ്റര്‍ ഗോരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. അദ്ദേഹം പള്ളിയിലെത്തിയാല്‍ ഒരു ചെറിയ പ്രസംഗവും അതിന് ശേഷം പ്രാര്‍ത്ഥനയും നടക്കും. പിന്നാലെ രണ്ട് മണിക്കൂര്‍ നീളുന്ന പൊരിഞ്ഞ പോരാട്ടത്തിനാകും പള്ളി സാക്ഷ്യം വഹിക്കുക. സംഗതി വിജയം കണ്ടെന്നാണ് ഗേരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. പള്ളി സ്ഥാപിച്ച ആദ്യ വര്‍ഷം തന്നെ 30 ഓളം പേര് ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2011 -ലാണ് ഗോരേത്ത് തോംപ്സണ്‍ ക്രിസ്തുമതം സ്വീകരിച്ചത്. 2022 -ല്‍ അദ്ദേഹം ഒരു നൈറ്റ് ക്ലബ് വാങ്ങി, സെന്‍റ് പീറ്റേഴ്സ് പള്ളിയാക്കി മാറ്റുകയായിരുന്നു. 

Read More: വിയർപ്പ് നാറ്റം രൂക്ഷമെന്ന് പരാതി; ക്യാബിൻ ക്രൂ അംഗമായ യുവതിയെ കടിച്ച് യാത്രക്കാരി; വിമാനം രണ്ട് മണിക്കൂർ വൈകി

Read More: ‘സ്ഥിര വരുമാനമില്ലാത്തവർക്ക് വിവാഹം കഴിക്കാൻ അധികാരമില്ല’; ജഡ്ജിയുടെ പ്രസ്‍താവനയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ

‘നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണിത്. ഞാന്‍ ക്രിസ്ത്യാനിയായപ്പോൾ, ക്രിസ്തീയ വീക്ഷണ കോണിലൂടെ ഞാന്‍ റെസ്‍ലിംഗിനെ നോക്കിക്കണ്ടു. ഞാന്‍ ദാവീദിനെയും ഗോലിയാത്തിനെയും കണ്ടു. ഞാന്‍ കായേലിനെയും ആബേലിനെയും കണ്ടു. ഞാന്‍ ഈശാവുവിന്‍റെ പൌതൃകം അവനില്‍ നിന്നും മോഷ്ടിക്കപ്പെടുന്നതും ഞാന്‍ കണ്ടു. നമ്മുക്ക് ഈ കഥയെല്ലാം റെസ്‍ലിംഗിലൂടെ പറയാന്‍ കഴിയും.’ ഗേരേത്ത് തോംപ്സണ്‍ പറയുന്നു. ഇന്ന് തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റെസ്‍ലിംഗ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും. പള്ളിയില്‍ റെസ്‍ലിംഗ് ഉള്ള ദിവസങ്ങളില്‍ ഏതാണ്ട് 200 പേരാണ് എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.  സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഇന്ന് അറിയപ്പെടുന്നത് റെസ്‍ലിംഗ് ചര്‍ച്ച് എന്നാണ്. 

യുകെയില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത്. 2021 ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പകുതിയില്‍ താഴെ മാത്രം ആളുകളാണ് തങ്ങൾ ക്രിസ്ത്യാനികളാണെന്ന് കരുതുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതമില്ലെന്ന് കരുതുന്നവരുടെ സംഖ്യ 25 ശതമാനത്തില്‍ നിന്നും 37 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. അതിനാല്‍ ക്രിസ്ത്യന്‍ പള്ളികളെല്ലാം വിശ്വാസികളെ പള്ളികളിലേക്ക് എത്തിക്കാന്‍ പുതുവഴി തേടുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. 

Read More:   ഇതാര് ‘പൊളിറ്റിക്കൽ ഡോക്ടറോ’? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മരുന്ന് കുറിപ്പടി

By admin