വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുന്നത് ഇവിടെയാണോ; എങ്കിൽ സൂക്ഷിക്കണം
വീട് ഒതുക്കുമ്പോഴോ കാണാതെപോയ വസ്തുക്കൾ തിരയുമ്പോഴോ ആയിരിക്കും നമ്മൾ പണ്ട് സൂക്ഷിച്ചിരിക്കുന്ന മരുന്ന് കുപ്പികൾ കാണുന്നത്. അടുക്കളയെന്നോ, അലമാരയെന്നോ, ബാത്റൂമെന്നോ ഇല്ലാതെയാണ് പലരും മരുന്നുകൾ സൂക്ഷിക്കുന്നത്. എന്നാൽ ശരിക്കും മരുന്നുകൾ അങ്ങനെ സൂക്ഷിക്കാൻ പാടുണ്ടോ? ഇങ്ങനെ സൂക്ഷിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? വീട്ടിൽ മരുന്ന് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. വീട് പണിയുന്ന സമയത്ത് കബോർഡുകൾ സ്ഥാപിച്ചാൽ ചെറുതും വലുതുമായ സാധനങ്ങൾ സൂക്ഷിക്കാനും എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും. മരുന്നുകൾ പെട്ടെന്ന് എടുക്കാൻ പറ്റുന്ന വിധത്തിൽ ഒരുമിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.
2. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് എത്താത്ത വിധത്തിലാവണം മരുന്നുകൾ സൂക്ഷിക്കേണ്ടത്. പലതരത്തിലുള്ള മരുന്നുകൾ ആയതിനാൽ കുട്ടികൾ അറിയാതെ എടുത്ത് കുടിച്ചാൽ അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു.
3. ഡൈനിങ് റൂം, ബെഡ്റൂം എന്നിവിടങ്ങളിൽ കബോർഡ് അല്ലെങ്കിൽ ട്രേ വെച്ചാൽ അതിനുള്ളിൽ മരുന്നുകൾ സൂക്ഷിക്കാൻ സാധിക്കും. മരുന്നുകൾ വലിച്ചുവരിയിടുന്നത് തടയാനും എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് സഹായിക്കുന്നു.
4. എളുപ്പത്തിന് അലമാരയിൽ മരുന്നുകൾ സൂക്ഷിക്കുന്നവരുണ്ട്. ഈ പ്രവണത നല്ലതല്ല. വസ്ത്രങ്ങൾക്കിടയിൽ മരുന്നുകൾ സൂക്ഷിച്ചാൽ കൃത്യമായ വായു സഞ്ചാരമില്ലാതെ മരുന്നുകൾ കേടുവരാൻ കാരണമാകും.
5. വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ ഓരോരുത്തരുടെയും മരുന്ന് വെവ്വേറെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിന് പ്ലാസ്റ്റിക് പാത്രങ്ങളോ ട്രെയോ തെരഞ്ഞെടുക്കാവുന്നതാണ്.
6. ചുമരിൽ തട്ടുകൾ സ്ഥാപിച്ചാൽ അതിലും മരുന്ന് സൂക്ഷിക്കാൻ എളുപ്പമായിരിക്കും.
7. അടുക്കളയിൽ മരുന്ന് സൂക്ഷിക്കുന്ന രീതിയുണ്ടെങ്കിൽ അത് ഒഴിവാക്കണം. പ്രത്യേകിച്ചും സ്റ്റൗവിന്റെ അടുത്തായി ഗുളികയോ മരുന്ന് കുപ്പിയോ വയ്ക്കാൻ പാടില്ല. അടുക്കള എപ്പോഴും ചൂടായതിനാൽ മരുന്ന് കേടുവരാൻ കാരണമാകുന്നു.
8. ബാത്റൂമിൽ എപ്പോഴും ഈർപ്പമുണ്ടായിരിക്കും. അതിനാൽ തന്നെ മരുന്നുകൾ അബദ്ധത്തിൽ പോലും ഇവിടെ സൂക്ഷിക്കാൻ പാടില്ല.
എത്ര ചെറിയ അടുക്കളയും വലുതായി തോന്നിക്കും; ഇതാണ് പാരലൽ കിച്ചൻ ഡിസൈൻ