പത്തിരട്ടി വേഗത്തില്‍ അസ്ഥിക്ഷയം; നാസ ബഹിരാകാശത്തേക്ക് അയച്ച എലികള്‍ക്ക് സംഭവിച്ചത് വിചിത്രമായ കാര്യങ്ങള്‍

കാലിഫോര്‍ണിയ: ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞാൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ സംഭവിക്കാം. അതുകൊണ്ടുതന്നെ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ ദീർഘനേരം ചെലവഴിക്കുന്നത് അസ്ഥികളെ എങ്ങനെ ബാധിക്കുമെന്ന് നാസ പതിവായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പഠനത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച എലികളുടെ അസ്ഥികളിൽ നാസ ചില വിചിത്രമായ കണ്ടെത്തലുകൾ നടത്തി.

ബഹിരാകാശത്തെ ഭാരക്കുറവ് എലികളുടെ അസ്ഥികളിൽ ഉണ്ടാക്കിയ മാറ്റം ഈ പഠനം കണ്ടെത്തി. ഈ പഠനം ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നു. ഭൂമിയിലേതിനേക്കാൾ പത്തിരട്ടി വേഗത്തിലാണ് ബഹിരാകാശത്ത് അസ്ഥിക്ഷയം സംഭവിക്കുന്നത് എന്ന് പഠനം കണ്ടെത്തി. ഭാരം താങ്ങുന്ന അസ്ഥികളെയാണ് മൈക്രോഗ്രാവിറ്റി പ്രധാനമായും ബാധിക്കുന്നതെന്നും ഭാരം വഹിക്കാത്ത അസ്ഥികളെ വലിയതോതിൽ ഇത് ബാധിക്കില്ലെന്നും ഗവേഷകർ കണ്ടെത്തി. നാസയുടെ റോഡന്‍റ് റിസർച്ച് -1 പരീക്ഷണത്തിന്‍റെ ഭാഗമായി 37 ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) അയച്ച എലികളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫലങ്ങൾ നിരവധി പ്രധാന കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അവയെക്കുറിച്ച് അറിയാം.

തുടയെല്ലും നട്ടെല്ലും: എലികളുടെ തുടയെല്ലുകളിൽ അസ്ഥിസാന്ദ്രതയിൽ വലിയ കുറവ് അനുഭവപ്പെട്ടു. ഇവ ഭാരം വഹിക്കുന്ന അസ്ഥികളാണ്. പക്ഷേ പേശികളുടെ സഹായത്താൽ ഭാരം വഹിക്കുന്ന നട്ടെല്ല് കശേരുക്കൾക്ക് വലിയ തേയ്മാനം സംഭവിച്ചില്ല. ഗുരുത്വാകർഷണത്തെ ദൈനംദിന സമ്മർദ്ദത്തിനായി ആശ്രയിക്കുന്ന അസ്ഥികൾ ഗുരുത്വാകർഷണമില്ലാതെ പ്രവർത്തിക്കുന്നത് കാരണം ദുർബലമാകുമെന്ന് ഇത് സ്ഥിരീകരിക്കുന്നു.

അകാല വാർധക്യം: തരുണാസ്ഥി അസ്ഥിയായി മാറുന്ന, തുടയെല്ലിന്‍റെ വളർച്ചാ ഘട്ടത്തിൽ മൈക്രോഗ്രാവിറ്റി ഓസിഫിക്കേഷനെ ത്വരിതപ്പെടുത്തുന്നതായും ഗവേഷണം കണ്ടെത്തി. ഇത് മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ അസ്ഥി വളർച്ചയിൽ അകാല മുരടിപ്പിന് കാരണമാകും.

ആവാസ വ്യവസ്ഥ: 3D വയർ-മെഷ് പ്രതലങ്ങൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌ത ബഹിരാകാശ നിലയത്തിലെ ആവാസ വ്യവസ്ഥയിൽ പാർപ്പിച്ചിരുന്ന എലികൾ അസ്ഥികളുടെ പിണ്ഡം നിലനിർത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്‌തു. അതേസമയം സാധാരണ കൂടുകളിൽ കഴിഞ്ഞവയ്ക്ക് വലിയ അസ്ഥി നഷ്‍ടം അനുഭവപ്പെട്ടു. ശാരീരിക പ്രവർത്തനങ്ങൾ മൈക്രോഗ്രാവിറ്റിയുടെ പ്രതികൂല ഫലങ്ങളെ ചെറുക്കാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.

Read more: ചൊവ്വയിൽ കണ്ടെത്തിയ ‘ചിലന്തി മുട്ടകൾ’; ആ രഹസ്യം പരിഹരിച്ച് നാസ, ഉത്ഭവത്തെ കുറിച്ച് സൂചനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin