ഏക് ജാദുഗർ: വിക്കി കൗശലിന്റെ മാന്ത്രിക ലുക്ക് വൈറല്‍, പ്രിയ സംവിധായകനുമായി വീണ്ടും ഒന്നിക്കുന്നു
മുംബൈ: വിക്കി കൗശൽ ഇപ്പോള്‍ ബോളിവുഡിലെ വിജയനായകനാണ് തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ സൃഷ്ടിക്കുകയാണ് താരം. ഹിസ്റ്റോറിക് ചിത്രം ഛാവയുടെ വന്‍ വിജയത്തിന് ശേഷം, തന്റെ വരാനിരിക്കുന്ന പ്രോജക്റ്റായ ഏക് ജാദുഗറിന്റെ പുതിയ അപ്ഡേഷനാണ് ഏപ്രില്‍ 6ന് പുറത്തുവന്നത്. വിക്കിയുടെ പുതുമയുള്ളതും ആകർഷകവുമായ ഒരു ലുക്ക് അവതരിപ്പിക്കുന്ന പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
വിക്കി കൗശല്‍ ഒരു മാജിഷ്യനായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. സര്‍ദാര്‍ ഉദ്ദം എന്ന വിക്കി ചിത്രം ഒരുക്കിയ സൂരജ് സര്‍കാര്‍ ആണ് ചിത്രം ഒരുക്കുന്നത്. റൈസിംഗ് സണ്‍ പിക്ചേര്‍സാണ് നിര്‍മ്മാണം. എന്നാല്‍ ഇപ്പോഴത്തെ പോസ്റ്റര്‍ ഒരു പാപ്പരാസി പേജിലൂടെയാണ് പുറത്തുവന്നത്. അതിനാല്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം എന്നാണ് വിവരം.
അതേ സമയം വിക്കി കൗശല്‍ നായകനായി എത്തിയ ഛാവ ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. സാക്നിൽക് റിപ്പോർട്ട് പ്രകാരം ഒരു മാസത്തിലേറെയായി തീയറ്ററില്‍ കളിക്കുന്ന വിക്കി കൗശലിന്റെ ചിത്രം 596.20 കോടി ഇന്ത്യയില്‍ നിന്ന് മാത്രം നേടിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ചാവ ഏപ്രിൽ 11 ന് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യാൻ പോവുകയാണ്. എന്നിരുന്നാലും, നിർമ്മാതാക്കൾ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. മുഗൾ സാമ്രാജ്യത്തിനെതിരെ പടനയിച്ച മറാത്ത രാജാവ് സംബാജിയുടെ കഥയാണ് ഛാവ പറഞ്ഞത്. ശിവാജിയുടെ മകൻ സാംബാജി തന്റെ പിതാവിന്റെ മരണശേഷം മറാത്ത രാജ്യത്തിന്റെ ആധിപത്യം ഏറ്റെടുക്കുന്നതും ഔറംഗസീബിനെതിരെ നടത്തുന്ന യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രം റിലീസ് ദിവസം മുതല്‍ വലിയ കളക്ഷനാണ് നേടിയത്. ഇപ്പോഴും രാജ്യത്തിന്റെ പലയിടത്തും തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഛാവ ആറാം ശനിയാഴ്ചയും മികച്ച കളക്ഷനില്‍: അനിമലിനെയും പിന്നിലാക്കി കുതിപ്പ്