സമ്മാനത്തുക 18,000 റിയാൽ, ഖത്തറിൽ ഫോട്ടോഗ്രഫി മത്സരവുമായി കതാറ
ദോഹ: ഖത്തറിലെ കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന അൽ നഹ്മ ആർട്ട് ഫെസ്റ്റിവലിന്റെ ഭാഗമായി ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കുന്നു. ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും, പരമ്പരാഗത സമുദ്ര ഗാനകലയായ അൽ നഹ്മയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫെസ്റ്റിവലും അവാർഡ് ദാന ചടങ്ങും ഏപ്രിൽ 13 മുതൽ 15 വരെ കതാറയിൽ നടക്കും. നഹം അൽ ഖലീജ് എന്ന പേരിൽ നടക്കുന്ന പരമ്പരാഗത കടൽ പാട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് സ്വദേശികൾക്കും താമസക്കാർക്കും പങ്കെടുക്കാവുന്ന ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രഫി മത്സരത്തിലൂടെ ഖത്തറി പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
അൽ നഹ്മ ആർട്ട് ഫെസ്റ്റിവൽ വേളയിൽ പകർത്തുന്ന ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ 20ന് മുമ്പായി സമർപ്പിച്ചിരിക്കണം. 18,000 റിയാലാണ് ആകെ സമ്മാനത്തുക. ഒന്നാം സ്ഥാനത്തിന് 8,000 റിയാലും രണ്ടാം സ്ഥാനത്തിന് 6,000 റിയാലും മൂന്നാം സ്ഥാനത്തിന് 4,000 റിയാലുമാണ് സമ്മാനം. ഓരോ മത്സരാർഥിക്കും പരമാവധി 10 ഫോട്ടോകൾ വരെ സമർപ്പിക്കാം. എല്ലാ ഫോട്ടോകളും കതാറ ബീച്ചിൽ നടക്കുന്ന അൽ നഹ്മ ആർട്ട് ഫെസ്റ്റിവലിൽ പകർത്തിയവ ആയിരിക്കണം.
കൃത്രിമത്വങ്ങൾ വരുത്താത്ത മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങളാണ് അയക്കേണ്ടത്. മൊബൈൽ ഫോണുകൾ, മറ്റു സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ചോ എടുത്ത ഫോട്ടോകൾ സ്വീകരിക്കുന്നതല്ല. JPEG/JPG ഫോർമാറ്റിൽ ഉള്ളവയും ഏറ്റവും ചെറിയ വശം കുറഞ്ഞത് 3000 പിക്സലുകൾ ആയിരിക്കുകയും വേണം. കുറഞ്ഞത് 300 dpi പ്രിന്റ് റെസല്യൂഷൻ ഉണ്ടായിരിക്കണം. ചിത്രങ്ങൾ We Transfer വഴി pc@qpc.qa എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.katara.net ൽ ലഭ്യമാണ്.
read more: പൊരിഞ്ഞ അടി, അറബ് സഹോദരങ്ങളെ നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്