World Health Day 2025 : എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ഇതാ 10 മാർഗങ്ങൾ
എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. ‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഒന്ന്
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ശരീര താപനില നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
രണ്ട്
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നതിലൂടെ വിവിധ ആരോഗ്യപ്രശ്നങ്ങളെ തടഞ്ഞ് നിർത്താൻ സഹായിക്കുന്നു.
മൂന്ന്
പതിവായി വ്യായാമം ചെയ്യുന്നത് പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ശീലമാക്കുക.
നാല്
ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ മറ്റ് പ്രവർത്തനങ്ങളിലും ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അഞ്ച്
വിട്ടുമാറാത്ത സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദ്രോഗം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ആറ്
അമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിൽ കരൾ തകരാറ്, ചിലതരം അർബുദ സാധ്യത വർദ്ധിപ്പിക്കൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മദ്യപാനം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഏഴ്
പുകവലി ശ്വാസകോശ അർബുദം, ഹൃദ്രോഗം, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
എട്ട്
പതിവായി കൈ കഴുകുക, പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ദിവസവും കുളിക്കുക തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഒൻപത്
ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും നിർണായകമാണ്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, വിവിധ അർബുദങ്ങൾ എന്നിവയ്ക്കുള്ള സ്ക്രീനിംഗുകൾ, വാക്സിനേഷനുകൾ, ദന്ത പരിശോധനകൾ എന്നിവ ചെയ്യുക.
പത്ത്
സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. മാനസികവും വൈകാരികവുമായ ക്ഷേമത്തിനും, പിന്തുണ നൽകുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ബന്ധങ്ങൾ അത്യാവശ്യമാണ്.
അടുക്കളയ്ക്കൊരു മേക്ഓവർ ആയാലോ?