ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടിലൂടെ പരിചയത്തിലായി, വ്യാജ വീഡിയോ പ്രചരിപ്പിച്ച് പണം തട്ടി; യുവാവ് പിടിയില്‍

മലപ്പുറം: ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടിലൂടെ പരിചയത്തിലായ ശേഷം വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. മാറഞ്ചേരി വെള്ളത്തിങ്കൽ സ്വദേശി മുഹമ്മദ് ഫുവാദിനെ (32)യാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാമിൽ ഒരു സ്ത്രീയുടെ വ്യാജ അക്കൗണ്ടിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്. പിന്നാലെ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്ന ഫോട്ടോകൾ ഉണ്ടാക്കുകയും ബന്ധുക്കൾക്കും ഭർത്താവിനും അയച്ചുകൊടുത്ത് പണം ആവശ്യപ്പെടുകയുമായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയും ഇതര സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഇയാൾ സ്ത്രീകളുടെ വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. പ്രതിയുടെ കൈയിൽനിന്ന് നിരവധി മൊബൈൽ ഫോണും സിം കാർഡുകളും പൊലീസ് കണ്ടെടുത്തു. സോഷ്യൽ മീഡിയയിലെ വിവിധ ഫ്രണ്ട്‌സ് ആപ്പുകൾ വഴി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതായി പ്രതിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആറോളം ഇൻസ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫേസ്ബുക്ക് അക്കൗണ്ടും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

By admin