ചെന്നൈക്ക് ജയിക്കണ്ടെ? തലവര മാറ്റാൻ എന്തു ചെയ്യണം?
11 ഓവര്‍ മാത്രമാണ് പിന്നിട്ടിട്ടുള്ളത്. ഗ്യാലറിയുടെ ഉടയോൻ ക്രീസിലുണ്ട്, മഹേന്ദ്ര സിങ് ധോണി. ചെപ്പോക്കിന് ഏറ്റവും സുപരിചിതമായ ശബ്ദം മുഴങ്ങുകയാണ്, എന്നത്തെയും പോലെ കാതടപ്പിക്കുന്ന ശബ്ദം. ഡല്‍ഹിയുടെ സ്കോര്‍ മറികടക്കാൻ ഒരു ഓവറില്‍ 12 റണ്‍സ് മതി. ഓവറുകള്‍ ഡല്‍ഹി എറിഞ്ഞുതീര്‍ക്കുമ്പോള്‍ ഗ്യാലറിയില്‍ നിന്നുള്ള ശബ്ദത്തിന്റെ തീവ്രത കുറയുകയാണ്, വിരസതയുടെ മൂടുപടം.
ചെന്നൈക്ക് ജയിക്കണ്ടേ മത്സരങ്ങള്‍? ഇതാണോ ചെന്നൈ. ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അവിശ്വസനീയമായ നിമിഷങ്ങള്‍ മാത്രം സമ്മാനിച്ച ഒരു ടീം, അവരുടെ നിഴല്‍ മാത്രമാണ് ഇന്ന് മൈതാനത്ത്. ഏഴാം നമ്പർ ജഴ്സി അണിഞ്ഞെത്തുന്ന ആയിരങ്ങളുടെ മുഖത്ത് നിരാശ മാറാത്തൊരു സീസണ്.
കണ്‍ഫ്യൂഷനിലാണ് ചെന്നൈ, നാല് മത്സരങ്ങളില്‍ നിന്ന് 17 താരങ്ങളെ പരീക്ഷിച്ചു കഴിഞ്ഞു. ടീമിലുള്ള എല്ലാ വിദേശ താരങ്ങളും കളത്തിലെത്തി. ഇതുവരെ ഒരു ഇലവനെ കണ്ടെത്താനായിട്ടില്ലെന്ന യാഥാർഥ്യം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പോലും ശരിവെച്ചു കഴിഞ്ഞിരിക്കുന്നു.
ഓപ്പണിങ്ങില്‍ തന്നെ പരീക്ഷണം. നായകൻ താഴേക്കിറങ്ങി, രചിനൊപ്പം പകരമെത്തിയ രാഹുല്‍ ത്രിപാതി മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത് 30 റണ്‍സ്. റണ്‍ മെഷീൻ ഡെവണ്‍ കോണ്‍വെയ്ക്കും രക്ഷിക്കാനായില്ല. ബെംഗളൂരുവിനെതിരെ പവർപ്ലെയില്‍ നഷ്ടമായത് മൂന്ന് വിക്കറ്റ്. രാജസ്ഥാനും മുംബൈക്കുമെതിരെ ഒന്ന് വീതം. ഡല്‍ഹിക്കെതിരെ വീണ്ടും മൂന്ന്. മുൻനിരയുടെ പരാജയത്തിനാണ് സ്ഥിരതകൂടുതല്.
ഐപിഎല്ലിന്റെ ഈ സീസണിലെ ശൈലി പരിശോധിച്ചാല്‍ ബാറ്റുകൊണ്ടോ ബോളുകൊണ്ടോ പവർപ്ലെയില്‍ ആധിപത്യം ലഭിച്ചാല്‍ ടീമുകള്‍ക്ക് വിജയസാധ്യത കൂടുതലാണ്. ടോപ് ഓർഡറിന്റെ തുടരെയുള്ള പരാജയം. സ്ഥിരതയില്ലാത്ത മധ്യനിര. അത്ഭുതങ്ങളുടെ ഉറവ വറ്റിത്തുടങ്ങിയ ധോണി. ശിവം ദുബെയും തിളങ്ങാതിരുന്നാല്‍ ചെന്നൈയുടെ പോരാട്ടം അഞ്ചാം നമ്പറില്‍ അവസാനിക്കുന്നുവെന്ന് വേണം കരുതാൻ. ഡല്‍ഹിക്കെതിരായ മത്സരം ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകും.
ധോണിയും വിജയ് ശങ്കറും 84 റണ്‍സ് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 12 റണ്‍സ് ഒരു ഓവറില്‍ ആവശ്യമായി വന്നപ്പോള്‍ രണ്ടാം പകുതിയിലെ എട്ട് ഓവറില്‍ നേടിയത് മൂന്ന് ഫോറും ഒരു സിക്സും മാത്രമാണ്. ഒരു ഘട്ടത്തിലും ഗിയര്‍ മാറ്റാൻ തയാറാകാത്ത ശങ്കര്‍. ക്യാമിയോകള്‍ മാത്രം സംഭാവന ചെയ്യാനിരിക്കുന്ന ധോണിയുടെ മേല്‍ ഉത്തരവാദിത്തം ചാരുന്ന മുൻനിരയെയാണ് മഞ്ഞ ജേഴ്സിയില്‍ കാണുന്നത്.
രണ്ട് വർഷം മുൻപ് കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്ത ധോണിക്ക് അധിക നേരം ബാറ്റ് ചെയ്യാനാകില്ല എന്നത് വസ്തുതയാണ്. 20 ഓവർ കീപ്പ് ചെയ്തതിന് ശേഷം വീണ്ടും പത്ത് ഓവർ ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കുക 43-ാം വയസിലുള്ള ധോണിക്ക് എളുപ്പമല്ല. അത് ഒരു യാഥാര്‍ഥ്യമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി നേരിട്ട ആകെ പന്തുകളുടെ പകുതിയോളം നാല് മത്സരങ്ങളില്‍ നിന്ന് ഇത്തവണ നേരിട്ടുകഴിഞ്ഞു. ചെന്നൈയുടെ ബാറ്റിങ് നിരയുടെ ദുർബലതകൂടിയാണ് ഇവിടെ വെളിവാകുന്നത്.
പ്രായം പിന്നിട്ടവരെയൊക്കെ ടീമിലെടുത്ത് മികവ് പുറത്തെടുപ്പിക്കുന്ന ചെന്നൈയെ ഐപിഎല്‍ കണ്ടിട്ടുണ്ട്. ഇത്തവണ യുവതാരങ്ങള്‍ നിരവധിയുണ്ടായിട്ടും അതുപോലൊന്ന് ആവര്‍ത്തിക്കുന്നില്ല. ചെപ്പോക്കിന് അനുസൃതമായാണ് കളിക്കുന്നതെന്ന് പറഞ്ഞാലും നിതീകരിക്കാനാകുന്നതല്ല ബാറ്റിങ്ങിലെ മെല്ലപ്പോക്ക്.
ബൌളിങ്ങില് ചെന്നൈക്ക് അല്‍പ്പം ആശ്വസിക്കാൻ വകയുണ്ട്. ഖലീല്‍ അഹമ്മദും നൂർ അഹമ്മദും മതീഷ പതിരാനയും വിക്കറ്റ് കോളത്തില്‍ നിരന്തരം ഇടപിടിക്കുന്നു. ചെപ്പോക്കിനപ്പുറവും ഇവര്‍ക്ക് തിളങ്ങാനാകുമോയെന്നത് വരും മത്സരങ്ങള്‍ തെളിയിക്കും.
ധോണിയെന്ന ബ്രാൻഡ് ഗ്യാലറിയില്‍ ആളെകൂട്ടുന്നുണ്ട്. ഇന്ത്യയിലെ ഏത് മൈതാനത്തും ചെന്നൈക്ക് പിന്തുണയുമുണ്ട്. പക്ഷേ, ടിക്കറ്റിന് ഇരട്ടിയും ഇരട്ടിയുടെ ഇരട്ടിയും നല്കി കളികാണാനെത്തുന്ന ആരാധകരോട് നീതി പുലര്‍ത്താൻ ചെന്നൈക്ക് സാധിക്കാതെ പോകുന്നു.
ധോണിയില്‍ മാത്രമല്ല പ്രതീക്ഷ അര്‍പ്പിക്കേണ്ടതെന്ന റിയാലിറ്റി ചെക്ക് നടത്തേണ്ടിയിരിക്കുന്നു ചെന്നൈ. പ്രതീക്ഷയുടെ പര്യായം ധോണി മാത്രമല്ല, മഞ്ഞക്കുപ്പായം അണിയുന്ന ഓരോരുത്തരിലുമാണെന്ന് ആരാധകര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. വിസിലടിയുടെ ശബ്ദമല്ല ആശങ്കയുടെ ചോദ്യങ്ങളാണ് അവരില്‍ നിന്ന് മുഴങ്ങുന്നത്. അത് അവസാനിക്കണമെങ്കില്‍ വിജയങ്ങളുടെ നീണ്ട പട്ടിക ആവശ്യമാണ്.