മുളച്ച ഉരുളകിഴങ്ങ് നട്ടുവളർത്തേണ്ടത് ഇങ്ങനെയാണ്
എളുപ്പത്തിൽ വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് ഉരുളകിഴങ്ങ്. വിത്തിട്ട് മുളപ്പിക്കുന്നതിനേക്കാളും നല്ല മുളച്ച ഉരുളക്കിഴങ്ങുകൾ നട്ടുവളർത്തുന്നതാണ് നല്ലത്. ഇത് വളരാൻ 60 ദിവസം മുതൽ 90 ദിവസം വരെയാണ് എടുക്കുന്നത്. മുളച്ച ഉരുളകിഴങ്ങ് നട്ടുവളർത്തേണ്ടത് എങ്ങനെയെന്ന് അറിയാം.
എപ്പോഴാണ് മുളച്ച ഉരുളകിഴങ്ങ് നടേണ്ടത്?
ഉരുളക്കിഴങ്ങിന് പൂർണമായും സൂര്യപ്രകാശം അത്യാവശ്യമാണ്. എന്നാൽ മണ്ണിലെ താപനില കുറഞ്ഞത് 45 ഡിഗ്രി ഫാരൻഹീറ്റെങ്കിലും ഉണ്ടായിരിക്കണം. വസന്തകാലത്താണ് ഉരുളകിഴങ്ങ് വളരാൻ കൂടുതൽ അനുയോജ്യമായ കാലാവസ്ഥ. തണുത്ത കാലാവസ്ഥ ഉരുളക്കിഴങ്ങിന് വളരാൻ അനുയോജ്യമല്ലാത്തവയാണ്. അതിനാൽ തന്നെ ഈ സമയത്ത് ഉരുളകിഴങ്ങ് വളർത്തരുത്.
എങ്ങനെയാണ് ഉരുളകിഴങ്ങ് വളർത്തേണ്ടത്?
1. നല്ല പ്രകാശമുള്ള തണുപ്പുള്ള സ്ഥലത്ത് 2 മുതൽ 4 ആഴ്ച്ച വരെ ഉരുളകിഴങ്ങ് സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ ഉരുളകിഴങ്ങ് എളുപ്പത്തിൽ മുളയ്ക്കുന്നു. ശേഷം ഇവ ഒരു പാത്രത്തിലാക്കി സൂക്ഷിക്കാം.
2. നടുന്നതിന് രണ്ട് ദിവസം മുമ്പായി ഉരുളകിഴങ്ങ് കഷ്ണങ്ങളാക്കി മുറിക്കണം. അല്ലെങ്കിൽ ഇവയിൽ വേരുകൾ വരാൻ തുടങ്ങുമ്പോഴേക്കും അഴുകി പോകാൻ സാധ്യതയുണ്ട്.
3. അര മുതൽ ഒരിഞ്ച് വരെ മുളച്ചുകഴിഞ്ഞാൽ ഉരുളകിഴങ്ങ് നടാവുന്നതാണ്. മുളച്ച ഭാഗം പുറത്തു വരുന്ന രീതിയിൽ ഉരുളക്കിഴങ്ങ് മണ്ണിൽ കുഴിച്ചിടാം.
4. അടി അകലത്തിൽ ആയിരിക്കണം ഉരുളകിഴങ്ങ് നടേണ്ടത്. 6 മുതൽ 8 ഇഞ്ച് വരെ ആഴമുള്ള കുഴിയെടുത്ത് വേണം ഉരുളകിഴങ്ങ് നടാൻ. ശേഷം ഇതിലേക്ക് മണ്ണ് മൂടികൊടുക്കാം. വളരുന്നതിന് അനുസരിച്ച് കൂടുതൽ മണ്ണിട്ട് കൊടുക്കാവുന്നതാണ്.
5. വേനൽക്കാലത്തും, ചെടിയിൽ പൂവ് വന്നതിന് ശേഷം നന്നായി വെള്ളമൊഴിച്ച് കൊടുക്കേണ്ടതുണ്ട്. പൂവ് വന്നു തുടങ്ങുന്ന സമയത്താണ് കിഴങ്ങുകൾ വരാൻ തുടങ്ങുന്നത്. നന്നായി വിളയണമെങ്കിൽ ഓരോ ആഴ്ച്ചയിലും വെള്ളമൊഴിച്ച് കൊടുക്കേണ്ടതുണ്ട്.