ചെന്നൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; പവര്‍ പ്ലേയിൽ 3 വിക്കറ്റുകൾ വീഴ്ത്തി ഡൽഹി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 184 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈയ്ക്ക് പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ 3 വിക്കറ്റുകൾ നഷ്ടമായി. 3 റൺസ് നേടിയ രചിൻ രവീന്ദ്രയുടെയും 5 റൺസ് നേടിയ നായകൻ റിതുരാജ് ഗെയ്ക്വാദിന്‍റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ഓപ്പണര്‍ ഡെവോൺ കോൺവെയെ (13) വിപ്രാജ് നിഗം പുറത്താക്കി. രചിന്‍ രവീന്ദ്രയെ മുകേഷ് കുമാറും ഗെയ്ക്വാദിനെ മിച്ചൽ സ്റ്റാര്‍ക്കുമാണ് മടക്കിയയച്ചത്. 

ചേസിംഗിന്‍റെ രണ്ടാം ഓവറിൽ തന്നെ രചിനെ പുറത്താക്കി മുകേഷ് കുമാര്‍ ഡൽഹിയ്ക്ക് മേൽക്കൈ നൽകി. റിട്ടേൺ ക്യാച്ചിലൂടെയാണ് മുകേഷ് രചിനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ തന്നെ നായകൻ റിതുരാജ് ഗെയ്ക്വാദിനെയും ചെന്നൈയ്ക്ക് നഷ്ചമായി. സ്റ്റാര്‍ക്കിന്‍റെ മിന്നൽ ബൗൺസറിനെ ബാക്ക്വാര്‍ഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ ഉയര്‍ത്തിയടിക്കാനുള്ള ഗെയ്ക്വാദിന്റെ ശ്രമം ബൗണ്ടറി ലൈനിനരികിൽ നിലയുറപ്പിച്ചിരുന്ന ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിന്‍റെ കൈകളിൽ അവസാനിച്ചു. പവര്‍ പ്ലേ അവസാനിക്കാൻ ഒരു ഓവര്‍ മാത്രം ബാക്കി നിൽക്കെ സ്പിന്നര്‍ വിപ്രാജിനെ പന്തേൽപ്പിച്ച നായകൻ അക്സര്‍ പട്ടേലിന്‍റെ പരീക്ഷണം ഫലം കണ്ടു. 14 പന്തുകൾ നേരിട്ട കോൺവെ 13 റൺസുമായി മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലായി. 

6 ഓവര്‍ പിന്നിടുമ്പോൾ ചെന്നൈ 3 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലാണ്. 11 റൺസുമായി വിജയ് ശങ്കറും 5 റൺസുമായി ശിവം ദുബെയുമാണ് ക്രീസിൽ. പവര്‍ പ്ലേയിലുടനീളം അച്ചടക്കമുള്ള ബൗളിംഗ് പ്രകടനമാണ് ഡൽഹിയുടെ ബൗളര്‍മാര്‍ പുറത്തെടുത്തത്. ബൗണ്ടറികൾ വിട്ടുകൊടുക്കാൻ ഡൽഹി ബൗളര്‍മാര്‍ പിശുക്കുകാട്ടിയതോടെ ചെന്നൈ പ്രതിരോധത്തിലായി. പതിവുപോലെ 180 റൺസിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോൾ കാലിടറുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ തീരൂ. 2019ന് ശേഷം 180ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല.

READ MORE: ചെപ്പോക്കിൽ രാഹുലിന്‍റെ വിളയാട്ടം; ചെന്നൈയ്ക്ക് വീണ്ടും തലവേദനയായി 180ന് മുകളിൽ വിജയലക്ഷ്യം

By admin