പിന്നീടൊരിക്കലും എന്റെ കസിന്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കയറിയിട്ടില്ല! 

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

30 വര്‍ഷം പഴക്കമുണ്ട് എന്റെ വെക്കേഷന്‍ ഓര്‍മ്മകള്‍ക്ക്. മാമ്പഴക്കരയിലുള്ള അമ്മൂമ്മയുടെ വീട്ടില്‍ ആയിരുന്നു എന്റെ വെക്കേഷന്‍ അധികവും. അമ്മയുടെ കുടുംബവീടാണ്. അമ്മൂമ്മ അവിടെ ഉണ്ടായിരുന്നു. കഥ പറയാനും രാമായണ മന്ത്രങ്ങള്‍ ഉരുവിടാനും അതു വിവരിക്കുവാനും പ്രത്യേകം കഴിവുണ്ടായിരുന്നു അമ്മൂമ്മയ്ക്ക്. അത് കേള്‍ക്കാനുള്ള കൊതി- സത്യത്തില്‍ അതു കൂടിയാണ് അവിടെ എത്തിക്കുന്നത്. പിന്നെ അവിടുത്തെ പുഴ. പുഴ എന്നു പറയുമ്പോള്‍ നെയ്യാര്‍. നെയ്യാറിലെ നീരാടല്‍ മറക്കാന്‍ കഴിയില്ല. 

കസിന്‍മാരും ആയിട്ടുള്ള നെയ്യാര്‍ കുളിയും കളികളും ഇന്നലെ പോലെ ഓര്‍മ്മയിലുണ്ട്. നെയ്യാറിന്റെ ആഴങ്ങളില്‍ കല്ല് ഒളിച്ചു വയ്ക്കുക, അതിനെ മുക്കിളി ഇട്ട് കണ്ടുപിടിക്കുക, വെള്ളത്തില്‍ തൊട്ടു കളിക്കുക. അന്ന് മണലൂറ്റല്‍ കാലമാണ്. വള്ളം കാണും. അതില്‍ കയറി തുഴയും. അങ്ങനെ പലതരം വിനോദങ്ങള്‍.

രാത്രിയായാല്‍ ഭക്ഷണം കഴിച്ച് പായ നിലത്തുവിരിച്ച് ഉറക്കമാണ്. കസിന്‍മാരുമുണ്ടാവും. രാവിലെ അവരോടൊത്ത് കരയിലെ കളികള്‍. അനവധി കഥകളുണ്ട് പറയാന്‍. അതില്‍ മനസ്സിലേറ്റവും ആഴത്തില്‍ നില്‍ക്കുന്നത് ഒരു ബുള്ളറ്റ് കഥയാണ്. 

ഒരു ബുള്ളറ്റ് അനുഭവം!

എന്റെയൊരു കസിനായിരുന്നു കഥയിലെ നായകന്‍. അവന് ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം. ഇരുചക്രവാഹനത്തിലെ രാജാവായിരുന്നല്ലോ ബുള്ളറ്റ്. അങ്ങനെ ആ ദിവസമെത്തി. ബുള്ളറ്റും തയ്യാര്‍, പഠിപ്പിക്കാനുള്ള ആളും റെഡി. കസിനെ വണ്ടിയില്‍ ഇരുത്തി പരിശീലകന്‍ പുറകെ ഇരുന്നു.

കുറേ മണിക്കൂറുകള്‍ പരിശീലനം നീണ്ടു. ഇനി അവന് സ്വയം വണ്ടിയോടിക്കാമെന്ന് പരിശീലകന് തോന്നിക്കാണണം. അങ്ങനെ പുള്ളി ബുള്ളറ്റില്‍ കയറി. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പ്രശസ്തമാണ് അവിടത്തെ മീന്‍ ചന്ത. ധാരാളം പെണ്ണുങ്ങള്‍ വന്നുപോകുന്ന ചന്ത. ചന്ത സമയം റോഡിന് ഇരുവശവും നിറയെ പെണ്ണുങ്ങള്‍ ആയിരിക്കും. 

കസിന്‍ വണ്ടിയുമായി മുന്നോട്ടു പോവുകയാണ്. എല്ലാവരും നോക്കിക്കൊണ്ടിരിക്കുന്നു. വണ്ടിയതാ അതുവഴി മീന്‍ വാങ്ങാന്‍ പോയ ഒരു സ്ത്രീയുടെ പിന്‍ഭാഗത്ത് ടപ്പേന്ന് ഒറ്റ ഇടി. കസിനും ബുള്ളറ്റും ആ സ്ത്രീയും നേരേ മുകളിലേക്ക് പൊങ്ങി. ആദ്യം താഴെ വന്നത് പാവപ്പെട്ട ആ സ്ത്രീ. അതിനു പിന്നാലെ ബുള്ളറ്റ് ആ സ്ത്രീയുടെ ശരീരത്തിലേക്ക് പതിച്ചു. അത്ഭുതം, അവര്‍ക്കൊന്നും സംഭവിച്ചില്ല!

മൂന്നാമത് വന്ന കസിനും നേരെ വന്നു പതിച്ചത് ആ സ്ത്രീയുടെ ശരീരത്തില്‍. എന്നാല്‍ ബുള്ളറ്റ് വന്നു വീണിട്ടും ഒന്നും പറ്റാത്ത ആ സ്ത്രീയ്ക്ക് കസിന്‍ വന്ന വീണപ്പോള്‍ നല്ല പരിക്കായി. തോളെല്ലില്‍ പൊട്ടല്‍, വാരിയെല്ലില്‍ ചതവ്. എല്ലാവരും ആകെ ഞെട്ടിപ്പോയെങ്കിലും ഉള്ളില്‍ ചെറിയ ചിരിയും ഉണ്ടായി. പിന്നെ ആ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോയി. ബുള്ളറ്റ് വര്‍ക് ഷോപ്പില്‍ കേറ്റി. അതിനൊരു പിന്‍കഥയുണ്ട്. ബൈക്കും മറ്റു ഇരുചക്ര വാഹനങ്ങളും ഓടിക്കുമെങ്കിലും നമ്മുടെ കസിന്‍ പിന്നീടിതു വരെ ബുള്ളറ്റില്‍ മാത്രം തൊട്ടിട്ടില്ല!

അനിയനെ കാണാനില്ല! 

സ്‌കൂള്‍ ഇലക്ഷന്‍ അന്ന് പ്രസിദ്ധമായിരുന്നു. മുഖ്യമായും രാഷ്ട്രീയപാര്‍ട്ടികളുടെ കുട്ടിസംഘടനകളാണ് മത്സരത്തില്‍. ഞങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ എന്റെ അനുജനാണ് സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധികരിച്ചു മല്‍സരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ആയപ്പോള്‍ എന്റെ അനുജനെ കാണാനില്ല! 

സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും സൈക്കിള്‍ വാടകയ്ക്ക് എടുത്ത് ഞാനും കസിനും കൂടി എന്റെ അനുജനെ തേടിയിറങ്ങി. കുറേ ചെന്നപ്പോള്‍ സംഭവം അറിഞ്ഞു. എതിര്‍ പാര്‍ട്ടിക്കാരായ കുറച്ച് ബന്ധുക്കള്‍ ചേര്‍ന്ന് അനുജനെ ഒന്നു മാറ്റി നിര്‍ത്തിയതാണ്. പിന്നെ ഞാനും കസിനും കൂടി അനുജനെ കണ്ടെത്തി സ്‌കൂളിലേക്ക് കൊണ്ടുവന്നു വോട്ടു ചെയ്യിപ്പിച്ചു.

ഉല്‍സവരാത്രിയില്‍…

മറ്റൊരോര്‍മ്മ ഉല്‍സവവുമായി ബന്ധപ്പെട്ടതാണ്. വെക്കേഷന്‍ സമയത്താണ് മാമ്പഴക്കരയില്‍ ഉത്സവം. സംഗതി ഭയങ്കര രസമാണ്. എന്നാല്‍ മാമന്‍മാര്‍ വളരെ കര്‍ക്കശം ആയതു കാരണം ഞങ്ങളെ ഉത്സവത്തിന് വിടാറില്ല. ഒരു ദിവസം ഞങ്ങള്‍ കസിന്‍സ് എല്ലാം കൂടി ഇരുന്നാലോചിച്ചു, എങ്ങനെയെങ്കിലും ഉത്സവത്തിന് പോവണം. അതിന് എന്താണ് വഴി എന്ന് എല്ലാവരും ആലോചിച്ചു. അവസാന ഒരു തീരുമാനമെടുത്തു. രാത്രി ഭക്ഷണം കഴിഞ്ഞിട്ട് നേരെ അങ്ങ് പോവുക! 

പ്ലാന്‍ പോലെ കാര്യങ്ങള്‍ നടന്നു. ഭക്ഷണം കഴിച്ചിട്ട് ആരും ഉറങ്ങിയില്ല. നിലത്തു വിരിച്ച പായയില്‍നിന്നും എഴുന്നേറ്റ് നേരെ അമ്പലത്തിലേക്ക് വിട്ടു. കുറച്ചുകഴിഞ്ഞ്, സംശയം തോന്നിയ മാമന്‍ അവിടെവന്നു നോക്കി. പായയില്‍ ഞങ്ങളില്ല. മാമന്‍ നേരെ അമ്പലത്തിലേക്ക് വന്നു, ഞങ്ങളെ കയ്യോടെ പൊക്കി വീട്ടിലേക്ക് കൊണ്ടുവന്നു. ചെറിയ കിഴുക്കും മുഴുക്കും ഒക്കെ കിട്ടി!

By admin