അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം കൂടി, കണക്ക് പുറത്തുവിട്ട് സൗദി അഭ്യന്തര മന്ത്രാലയം
റിയാദ്: സൗദിയിൽ അടിയന്തര സഹായം തേടി വിളിക്കുന്നവരുടെ എണ്ണം കൂടി. കണക്ക് പുറത്തുവിട്ട് അഭ്യന്തര മന്ത്രാലയം. 911 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വന്നത് 28 ലക്ഷം കോളുകൾ. അതായത് ദിവസം ഒരു ലക്ഷത്തിന് അടുത്ത് ഫോൺ കാളുകൾ. മക്കയിൽ നിന്ന് മാത്രം ലഭിച്ചത് പത്തു ലക്ഷം കോളുകളാണ്. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി 2025 മാർച്ചിൽ ഏകീകൃത എമർജൻസി നമ്പറായ 911 സെന്ററുകൾക്ക് ആകെ 2,879,325 കോളുകൾ ലഭിച്ചതായി നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
മെഡിക്കൽ സേവനങ്ങൾ, തീപിടുത്തം, ദുരന്തങ്ങൾ, ആംബുലൻസ് സേവനം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സാധരണ പൊതുജനം ഈ സേവനം ഉപയോഗപ്പെട്ടുത്തുന്നത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും അവ ഉചിതമായ സുരക്ഷാ, സേവന ഏജൻസികളിലേക്ക് കൈമാറുന്നതിനും ചുമതലയുള്ള ഏകീകൃത എമർജൻസി ഓപ്പറേഷൻസ് സിസ്റ്റത്തിന്റെ ഭാഗമായാണ് കോളുകൾ കൈകാര്യം ചെയ്തത്. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിൽ നിന്നുമാണ്. 1,300,628 കോളുകളാണ് ലഭിച്ചത്. തൊട്ടു പിറകിൽ മക്കയാണ്. 1,031,253 കോളുകൾ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ നിന്ന് ലഭിച്ചത് 547,444 കോളുകളാണ്. എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും അടിയന്തിര ആവശ്യങ്ങൾക്കുള്ള സേവനം ചെയ്യാനുള്ള സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ പ്രാഥമിക മാർഗനിർദേശം നൽകലും മന്ത്രാലയം നൽകുന്ന സേവനത്തിന്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് സംവിധാനം വഴി വേഗത്തിലുള്ള സേവനമാണ് ലഭ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കുന്നത്.